ക്ഷമയോടെ നിരവധി പേർ ക്യൂ നിൽക്കുന്ന ഇടങ്ങളിൽ ചിലർ ക്യൂ തെറ്റിച്ച് മറ്റുള്ളവരെയെല്ലാം വെട്ടിച്ച് മുന്നിൽ കയറാൻ സൂത്രത്തിൽ ശ്രമിക്കാറുണ്ട്. അത്തരക്കാർ ഈ വീഡിയോ കണ്ടാൽ പിന്നെ ഇത്തരം കുതന്ത്രത്തിന് മിനക്കെടില്ലെന്നുറപ്പാണ്. ഇവിടെ ക്യൂ തെറ്റിച്ച് ഫെറിയിൽ കയറാൻ മുമ്പോട്ട് കുതിച്ച കാർ കടലിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ദൃശ്യം ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ക്യൂ നിൽക്കുന്നവരെയെല്ലാം വെട്ടിച്ച് മുമ്പിൽ എത്താൻ വെപ്രാളപ്പെടുന്നവർക്കിതൊരു മുന്നറിയിപ്പാണ്. ക്രിമിയയിലെ ഒരു തുറമുഖത്തിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഇതിൽ ഒരു വലിയ ഫെറി കരയിലേക്ക് വരുന്നത് കാണാം. ഇതിലെ കാറുകളിൽ യാത്രക്കാർ ക്ഷമയോടെ ഇരിക്കുന്നതും വ്യക്തമാണ്. ഫെറി കരയ്ക്കടുക്കുന്തോറും അതിൽ വരിക്ക് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ക്ഷമയോടെ കരയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ അതിനിടയിലായിരുന്നു ഒരു കാർ അക്ഷമയോടെ വരി തെറ്റിച്ച് തിക്കിത്തിരക്കി മുന്നോട്ട് നീങ്ങുകയും കടലിലേക്ക് പതിക്കുകയും ചെയ്തത്. മാരിടൈം ഡയറക്ടറേറ്റ് ആണ് വെരിഫൈ ചെയ്യാത്ത ഈ വീഡിയോ പ്രദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രോട്ടോപോറസ് IV ഫെറി വെസലിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്രിമിയയിലെ തുറമുഖത്തേക്ക് വന്ന് കൊണ്ടിരുന്ന ഫെറിയിലാണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് റഷ്യൻ മാധ്യമങ്ങളാണ്. കടലിലേക്ക് വീണ കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അപകടത്തിന് ശേഷം ഇയാൾക്ക് പരുക്കേറ്റിട്ടില്ലെന്നും സൂചനയുണ്ട്. കാർ വെള്ളത്തിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തിരുന്നു. എമർജൻസി ഡ്രൈവർമാരും രക്ഷാപ്രവർത്തകരും ഇതിായി രംഗത്തെത്തിയിരുന്നു. പ്രധാനപ്പെട്ട പെനിൻസുലയായ ക്രിമിയയിലേക്ക് റഷ്യ 2014ൽ കടന്ന് കയറിയിരുന്നു. ഇതിനെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശം തങ്ങളുടേതാണെന്ന അവകാശവാദം ഉക്രയിനും ഉന്നയിക്കുന്നുണ്ട്.