ണ്ടനിൽ മറ്റൊരു സൂപ്പർ കാർ സീസണും കൂടി തുടക്കമായി. ഇതോടനുബന്ധിച്ച് നഗരമാകമാനം ശതകോടികൾ വിലമതിക്കുന്ന ആഡംബരക്കാറുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറബ് മുതലാളിമാരുടെ മക്കൾ പതിവ് പോലെ ഇവിടെ കറങ്ങാനെത്തിയിരിക്കുന്നത് തങ്ങളുടെ ലക്ഷ്വറി കാറുകൾ സഹിതമാണ്. ഇക്കൂട്ടത്തിൽ സ്വർണം പൂശിയ കാറുകൾ വരെ ഉൾപ്പെടുന്നുണ്ട്. ഇത്തരം കാറുകൾ കാണാനും ഒന്ന് തൊടാനും പറ്റിയാൽ കൂടെ നിന്നൊരു ഫോട്ടോ എങ്കിലുമെടുക്കാനും സായിപ്പന്മാർ കൗതുകത്തോടെ മത്സരിക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.

മിഡിൽ ഈസ്റ്റിൽ ചൂട് അസഹനീയമാകുന്ന വേളയിൽ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഇവിടുത്തെ സമ്പന്നരുടെ മക്കൾ സുഖവാസത്തിനായി ലണ്ടനിലെത്തുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി കാറുകൾ റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയയിലെ ആഡംബര ഹോട്ടലുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നത് ഈ സീസണിലെ സ്ഥിരം കാഴ്ചയുമാണ്. ഇക്കഴിഞ്ഞ ദിവസം ഗ്രോസ് വെനർ ഹൗസ് ഹോട്ടലിന് മുന്നിൽ ബ്ലൂ ആൻഡ് സിൽവർ റോൾസ് റോയ്സ് ആഡംബര കാർ കിടന്നിരുന്നു. യുഎഇ നമ്പർ പ്ലേറ്റുള്ള കാറാണിത്. ഇതിന് പുറമെ ഖത്തർ രജിസ്ട്രേഷനിലുള്ള നീല ലംബോർഗിന് മെയ്‌ഫെയറിൽ കണ്ടിരുന്നു. ദി ഡോർചെസ്റ്ററർ ഹോട്ടലിന് മുന്നിൽ കുവൈത്ത് പ്ലേറ്റുള്ള ഒരു റോൾസ് റോയ്സ് നിർത്തിയിട്ടിരുന്നു.

ഇത്തരത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിരവധി സമ്പന്നന്മാരാണ് ഇപ്രാവശ്യവും അവധിയാഘോഷിക്കാൻ ലണ്ടനിലെത്തിയിരിക്കുന്നത്.കോടികൾ വിലയുള്ള ഇവരുടെ കാറുകൾ കാണാൻ സായിപ്പന്മാർ കൊതിയോടെ ക്യൂ നിൽക്കുന്നുമുണ്ട്. റോൾസ് റോയ്സ്, മെർസിഡസ്, ലംബോർഗിനി തുടങ്ങിയ നിരവധി ആഡംബരക്കാറുകളാണ് ഈ അവസരത്തിൽ ലണ്ടനിലെത്തിയിരിക്കുന്നത്. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള സമ്പന്നരാണ് ഇത്തരത്തിൽ അവധിയാഘോഷിക്കുന്നതിനായി വർഷം തോറും ലണ്ടനിലെത്തുന്നത്. അതിന് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ആഡംബര കാറുകൾ കപ്പലിലും മറ്റും ഇവിടെയെത്തിക്കുകയാണ് പതിവ്. ചിലരാകട്ടെ തങ്ങളുടെ സൂപ്പർകാറുകൾ കാർഗോ പ്ലെയിനുകളിൽ അയക്കാനായി 40,000 പൗണ്ട് വരെ ചെലവാക്കാൻ യാതൊരു മടിയും കാണിക്കാറുമില്ല.

ഇവിടെ ഇത്തരത്തിലെത്തുന്ന അറബ് കോടീശ്വരന്മാർ ആഡംബര ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കഴിയാനും വളരെയധികം ഇഷ്ടപ്പെടുന്നുമുണ്ട്. ആഡംബര കാർ തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അറബ്സമ്പന്നർ അക്കാരണത്താലാണ് എത്ര തുക ചെലവഴിച്ചും അവ കൂടെ കൊണ്ട് വരുന്നത്. തുടർന്ന് ഇവ തങ്ങൾ താമസിക്കുന്ന ആഡംബര ഹോട്ടലുകൾക്ക് മുന്നിൽ ഇവ അഭിമാനത്തോടെ നിർത്തിയിടുകയും ചെയ്യും. ഇത്തരം കാറുകൾ തദ്ദേശവാസികൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഓടിച്ചാൽ കനത്ത പിഴ ചുമത്തുന്നതിനുള്ള വകുപ്പുണ്ടെങ്കിലും പലപ്പോഴും ഇവയ്ക്കെതിരെ നടപടികളുണ്ടാവാറില്ലെന്നതാണ് യാഥാർത്ഥ്യം.