- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രാടദിനത്തിൽ ഓണസാധനങ്ങൾ വാങ്ങി മടങ്ങിയ കുടുംബം ഓട്ടോയിൽ സഞ്ചരിച്ചത് മരണത്തിലേക്ക്; എതിർ ദിശയിലെത്തി കാർ ഓട്ടോയിൽ ഇടിച്ചതോടെ ഓട്ടോയുടെ അടിയിൽ പെട്ട് ദാരുണമായി കൊല്ലപ്പെട്ടത് ഏഴ് വയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ; മാതാവ് ഉൾപ്പടെ രണ്ട് പേർ അതീവഗുരുതരമായി ആശുപത്രിയിൽ; എം.സി റോഡിൽ നടന്ന അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ
കൊട്ടാരക്കര : എം.സി.റോഡിൽ വയയ്ക്കൽ ആനാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ തേവന്നൂർ ചരുവിളപുത്തൻവീട്ടിൽ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തിൽ രമാദേവി (65), കൊച്ചുമകൾ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
പൊലിക്കോട്ടുനിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടാണ് മൂന്നുപേരും മരിച്ചത്. ഗോപിക അപകടസ്ഥലത്തുതന്നെ മരിച്ചു.
മറ്റുള്ളവർ ആശുപത്രി മാർഗത്തിലും. പൊലിക്കോട്ടുള്ള കടയിൽപ്പോയി ഓണസാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കമ്പംകോട് എൽ.പി.സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ഗോപിക. അച്ഛൻ ഗോപുകുമാർ വിദേശത്താണ്. വയയ്ക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രഞ്ജിത്ത്. ഭാര്യ: സുപർണ. മകൾ: ഋതിക. അച്ഛൻ: കൊച്ചുപൊടിയൻ. അമ്മ: റബേക്ക. മൃതദേഹങ്ങൾ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.
മറുനാടന് ഡെസ്ക്