ഡബ്ലിൻ: കോർക്ക് സിറ്റി സെന്റർ മൂവ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി കോർക്ക് സിറ്റിയിൽ അടിമുടി ഗതാഗത പരിഷ്‌ക്കരണത്തിന് ഒരുങ്ങുന്നു. സെന്റ് പാട്രിക് സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 12.30 മുതൽ വൈകുന്നേരം 6.30 വരെയുള്ള സമയത്ത് സ്വകാര്യ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും.

തിരക്കേറിയ മെഴ്‌സി യൂണിവേഴ്‌സിറ്റി ആശുപത്രി കാമ്പസിനു ചുറ്റും മെച്ചപ്പെട്ട ഗതാഗത സൗകര്യം ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പരിഷ്‌ക്കാരം നടപ്പാക്കുക. ഇതുസംബന്ധിച്ച് റീട്ടെയ്ൽ കച്ചവടക്കാർ, കോർക്ക് ബിസിനസ് അസോസിയേഷൻ, ഗാർഡ, ബസ് ഐറീൻ തുടങ്ങിയവയുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒട്ടേറെ ഗതാഗതപരിഷ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള കോർക്ക് സിറ്റിയിൽ ബസുകൾ, ടാക്‌സികൾ, എമർജൻസി വാഹനങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്കായി പ്രത്യേക പാതകളാണ് നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കാറുകൾക്ക് തടാകക്കരയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക പാതയുണ്ട്. ഗ്രെൻവില്ലെ പ്ലേസിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് പുതിയ ഗതാഗത പരിഷ്‌ക്കാരം ഏർപ്പെടുത്തുന്നത്. പുതിയ പാർക്കിങ് ഏരിയകൾ നിജപ്പെടുത്തുകയും ആംബുലൻസുകൾക്ക് ഇരട്ടി പാർക്കിങ് മേഖല നൽകുകയും ചെയ്യും.

നാളെ പ്രസിദ്ധപ്പെടുത്തുന്ന പരിഷ്‌ക്കാരങ്ങൾ മെയ്‌ അവസാനം വരെ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി പരസ്യപ്പെടുത്തും. പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ ജൂൺ അഞ്ചു മുതൽ സമർപ്പിക്കാം. പ്രധാന ചില ജംഗ്ഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തിക്കഴിഞ്ഞാൽ സ്വകാര്യ കാറുകൾക്ക് സെന്റ് പാട്രിക് സ്ട്രീറ്റിലുള്ള നിരോധനം അടുത്ത വർഷം മധ്യത്തോടെ നടപ്പാക്കും.
40 വർഷത്തിനിടെ കോർക്ക് സിറ്റിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന വൻ ഗതാഗത അഴിച്ചുപണിയായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. 2012-ലാണ് ഈ പരിഷ്‌ക്കാരങ്ങൾക്ക് അംഗീകാരമായത്.