- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിലെ സാനിറ്റൈസർ കുപ്പിക്ക് തീപിടിച്ചു; കോഴിക്കോട് റോഡരികിൽ കാർ കത്തി നശിച്ചു; യാത്രക്കാരൻ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം റോഡരികിൽ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന പാലക്കോട്ടുവയൽ സ്വദേശി അക്ഷയ് ടോം അഗസ്റ്റിൻ ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. ഷോർട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കാർ പൂർണമായും കത്തിയ നിലയിലാണ്.
മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിൽനിന്ന് ദേവഗരി കോളജ് ഭാഗത്തേക്കുള്ള റോഡിനരികിൽ ചൊവ്വാഴ്ച രാവിലെ 10.15നായിരുന്നു തീപിടിത്തം. സമീപത്തെ ലാബിൽ ആർ.ടി.പി.സി.ആർ കോവിഡ് പരിശോധനക്കെത്തിയതായിരുന്നു കാറുടമയായ അക്ഷയ്. കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് പുക ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാറിൽ നിന്നിറങ്ങി സമീപത്തുള്ളവരെ വിവരമറിയിച്ചു.
കാറിലെ കാർപറ്റിനും തീപിടിച്ചു. തീകെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുൻഭാഗത്ത് വെച്ചിരുന്ന സാനിറ്റൈസറടങ്ങിയ കുപ്പിക്ക് തീപിടിച്ചതോടെ കാർ ആളിക്കത്തി. അക്ഷയ് വിളിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്നിൽ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി ബാബുരാജിന്റെയും അസി. സ്റ്റേഷൻ മാസ്റ്റർ ഒ.കെ അശോകന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് പെട്ടെന്ന് സ്ഥലത്തെത്തി. സമീപത്തെ ട്രാൻസ്ഫോർമറിനും വാഹനങ്ങൾക്കും തീപിടിക്കാതെ ഫയർഫോഴ്സും പൊലീസും നാട്ടുകാരുമുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇടപെട്ടു.
കാസർക്കോട് സ്വകാര്യകമ്പനിയിൽ ടെറിട്ടറി സെയിൽസ് എക്സിക്യുട്ടീവായ അക്ഷയ് സുഹൃത്തിന് കോവിഡായിരുന്നതിനാൽ ആറ് ദിവസമായി ക്വാറന്റീനിലായിരുന്നു. കഴിഞ്ഞ വർഷം വാങ്ങിയ സെക്കൻഡ് ഹാന്റ് റിറ്റ്സ് കാറിനാണ് തീപിടിച്ചത്. സീനിയർ ഫയർ ഓഫിസർ രാജീവൻ, ലതീഷ്, ജിതിൻ രാജ്, ജിതിൻ, ഹമീദ്, റാഷിദ്, ശൈലേഷ് എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ