ദുബൈ: ഒരു ദിവസം പ്രതീകാത്മകമായി കാറുകൾ ഉപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണ ത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ദുബായ് മുനിസിപ്പാലിറ്റി വീണ്ടും തയ്യാറെടുക്കുന്നു. മുനിസിപ്പാലിറ്റിയുടെ എട്ടാമത് കാർരഹിത ദിനാചരണം ഫെബ്രുവരി അഞ്ചിന് നടക്കും.മലിനീകരണ തോത് കുറച്ച് പരിസ്ഥിതി സംരക്ഷിക്കാനും പൊതുഗതാഗത സൗകര്യങ്ങളെ സാർവത്രികമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദുബൈ വീണ്ടും കാർ രഹിതദിനം ആചരിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് നഗരത്തിലെ 1500 ലേറെ സർക്കാർ സ്വകാര്യ സ്ഥാപന ങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യും. ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിസ്ഥിതി സൗഹാർദ ബോധവത്കരണ യജ്ഞത്തിന് പ്രമുഖ സ്ഥാപന മേധാവികൾ ഇതിനകം പിന്തുണ അറിയിച്ചതായി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അന്നേ ദിവസം ബസ്, മെട്രോ, സൈക്കിൾ എന്നിവ ഉപയോഗിച്ച് ജീവനക്കാർക്ക് ജോലിക്കത്തൊൻ മേലുദ്യോഗസ്ഥർ സൗകര്യം ചെയ്യണം. നഗരത്തിലെ താമസക്കാരും ഈ ഉദ്യമത്തിൽ സഹകരിക്കും. കാർരഹിത ദിനത്തിൽ പങ്കുചേരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദുബൈ നഗരസഭയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.