- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പറഞ്ഞ ആറു ലക്ഷത്തിന്റെ കണക്ക് മാറി; അനൂപ് മുഹമ്മദിന് ലോണെടുത്ത് ബിനീഷ് നൽകിയത് 39 ലക്ഷം! കാർ പാലസുകാരനും കെകെ റോക്സുകാരനും ഒളിച്ചു കളി തുടരുന്നു; ലഹരി കേസിലെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് കോടിയേരിയുടെ മകൻ; ബംഗളൂരിലെ എൻഫോഴ്സ്മന്റ് വീണ്ടും കേരളത്തിലേക്ക്; കാർ പാലസ് ഉടമ പിടികിട്ടാപുള്ളിയാകും
ബംഗളൂരു: അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉൾപ്പെട്ട ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതിചേർക്കാനിടയുണ്ടെന്നു കണക്കുകൂട്ടി അറസ്റ്റ് ഒഴിവാക്കാൻ ബിനീഷ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കർണ്ണാടക ഹൈക്കോടതിയിൽ. ഈ ഹർജിയുടെ വാദത്തിനിടെ എൻസിബി മുന്നോട്ട് വയ്ക്കുന്ന വാദങ്ങൾ ഏറെ നിർണ്ണായകമാണ്. മയക്കുമരുന്ന് കേസിൽ ബിനീഷ് പ്രതിയാകുമോ എന്ന് ഇന്ന് വ്യക്തമാകും. മുൻകൂർ ജാമ്യ ഹർജിയിലെ എൻസിബി നിലപാട് നിർണ്ണായകമാകും. ഇത് കോടതി അംഗീകരിക്കുകയും പ്രതിയാക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താൽ ബിനീഷിന് ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരും.
എൻഫോഴ്സ്മെന്റ് കേസിൽ ബിനീഷ് പ്രതിയാണ്. 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം കിട്ടും. എന്നാൽ ലഹരി കേസിൽ പ്രതിയായാൽ മോചനം അനിശ്ചിതമായി നീളും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്. ഇതിനിടെയാണ് മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തുന്നത്. ഇതിൽ അനുകൂല വിധിയുണ്ടായാൽ അതിവേഗ മോചനും സാധ്യമാകും.
അതേസമയം, ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽ നിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
നേരത്തെ അനൂപിന് ആറു ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നാണ് ബിനീഷ് പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ 39 ലക്ഷം രൂപയായി ഉയർന്നത്. ഈ തുക നൽകിയതോടെ അനൂപിന്റെ ബിസിനസിൽ ബിനീഷിനും പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ അടക്കമുള്ളവ നിർണ്ണായക തെളിവാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ തുക നൽകിയിട്ടുണ്ടെന്ന വിശദീകരണം എത്തുന്നത്. ബിനീഷിന്റെ സുഹൃത്തുക്കൾ ആരും ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഇപ്പോഴും ഒളിവിലാണ്. അരുൺ, അനിക്കുട്ടൻ എന്നിവരും ഒളിച്ചു കളിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് ഇഡി. കാർ പാലസ് ഉടമ അടക്കമുള്ളവരെ പിടികിട്ടാ പുള്ളികളാക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സാധ്യത പരിശോധിക്കുകയാണ് ഇഡി.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘത്തിന്റെ വലയിലേക്കു കേരളത്തിലെ കൂടുതൽ കണ്ണികൾ വരുമെന്നാണ് സൂചന. ഇഡി സംഘം ഉടനെ കേരളത്തിലെത്തും. അബ്ദുൽ ലത്തീഫ്, കെ.കെ.റോക്സ് ഉടമ അരുൺ വർഗീസ് എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അപ്പോൾ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുന്നത്. ബിനീഷിന് നിരവധി ബിനാമികളുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. നിലവിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ മാത്രം ചൂണ്ടിക്കാണിച്ച് ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. ഹോട്ടൽ വ്യവസായത്തിനായി 39 ലക്ഷം രൂപ മാത്രമാണ് ബിനീഷ് ആകെ മുഹമ്മദ് അനൂപിന് കൈമാറിയത്. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചറിയാതെയാണ് പണം നൽകിയത്. 7 സിനിമകളിൽ അഭിനയിച്ചപ്പോൾ ലഭിച്ച പ്രതിഫലത്തുക അടക്കം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. തന്റെ ഇന്നോവ കാർ ലോണെടുത്ത് വാങ്ങിയതാണ്. ഈ വിവരങ്ങളൊക്കെ അറിയിച്ചിട്ടും ഇഡി അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.ബിനീഷ് മയക്കുമരുന്ന് ഇടപാടിലൂടെ കോടികൾ സമ്പാദിച്ചെന്ന ഇഡി ആരോപണത്തിന് മറുപടിയായാണ് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ വിശദീകരിച്ചത്.
എന്നാൽ ബിനീഷിന്റെ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇഡി അഭിഭാഷകൻ വാദിച്ചു. തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ബിനീഷിപ്പോൾ എൻസിബിയുടെ കസ്റ്റഡിയിലാണുള്ളതെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം തുടരാമെന്ന് കോടതി നിർദേശിച്ചത്. ബെംഗളൂരു എൻസിബി ആസ്ഥാനത്തു ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അടുത്ത വെള്ളിയാഴ്ച വരെയാണ് ബിനീഷിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ നൽകി. മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യുന്നതിനെതിരെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇഡി അറസ്റ്റ് അന്യായമാണെന്നു കാട്ടി നൽകിയ ഹർജിയും ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേരോട് ഇഡി ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ