- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊക്കെയ്ൻ ഉപയോഗത്തിൽ എൻസിബി അറസ്റ്റ് ചെയ്യും; ലഹരിക്കടത്തിലെ ഫണ്ടിംഗിലും അന്വേഷണം വരും; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ എടുക്കാൻ നർകോട്ടിക് ബ്യൂറോ; കാർ പാലസ് ഉടമ ഒളിവിലെന്ന നിഗമനത്തിലേക്ക് എൻഫോഴ്സ്മെന്റ്; അബ്ദുൽ ലത്തീഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പരിഗണനയിൽ
ബംഗളൂരു: ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ എടുത്തേക്കുമെന്ന് സൂചന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. എൻസിബി അറസ്റ്റ് ചെയ്താൽ ബിനീഷിന് ഏറെ കാലം ജയിലിൽ കഴിയേണ്ടി വരും. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളിൽ ഇഡി കോടതിയെ അറിയിക്കുന്ന വസ്തുതകളും നിർണ്ണായകമാകും.
ലഹരി കടത്തിൽ ചോദ്യം ചെയ്യാനാണ് ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വാങ്ങുക. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷിന്റേതാണോ എന്നു കണ്ടെത്താനാണിത്. താൻ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നൽകിയിരുന്നു. എൻസിബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കിൽ കോടതി ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തേക്കും. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
3 തവണയായി 14 ദിവസം ഇഡി കസ്റ്റഡി പിന്നിടുകയാണു ബിനീഷ്. വ്യാപാരപങ്കാളി അബ്ദുൽ ലത്തീഫ് ഹാജരാകാത്തതിനാൽ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായില്ല. അബ്ദുൽ ലത്തീഫ് ഒളിവിൽ പോയതായാണു സൂചന. കാർപാലസ് ഉടമയെ കണ്ടെത്താൻ നീക്കം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാർപാലസ് ഉടമ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും ഇഡി തിരിച്ചറിയുന്നുണ്ട്. ലത്തീഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചേക്കും.
ഇന്നലെ ശാന്തിനഗറിലെ ഓഫിസിൽ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് 29നാണ് ഇഡി അറസ്റ്റ് ചെയ്തത്. അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ് മെന്റ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തിൽ പരിശോധിക്കും.
ഇത് മനസിലാക്കിയാണ് കാർപാലസ് ഉടമ ഒളിച്ചു കളിക്കുന്നത്. അതിനിടെ ബിനീഷിനെ എൻസിബി കസ്റ്റഡിയിലേക്ക് വിട്ടാൽ ലത്തീഫ് ഇഡിക്ക് മുമ്പിലെത്തുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാലും കാർപാലസ് ഉടമയെ അറസ്റ്റ് ചെയ്യും. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി. ഇതേ കാലയളവിൽ ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.
മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരെ ബിനാമിയാക്കിയും ബിനീഷ് കേരളത്തിലും കർണാടകത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രൂപീകരിച്ചു. ഈ കമ്പനികളെ കുറിച്ചും അന്വേഷണം വേണം. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങൾക്ക് കൂടുതലന്വേഷിക്കണം. ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും , ലഹരിവസ്തുക്കൾ വിൽപന നടത്തിയതായും അന്വേഷണത്തിനിടെ ചിലർ തങ്ങൾക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ