സിംഗപ്പൂർ: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ കാർ സീറ്റ് ഇല്ലെന്നു കരുതി ഇനി യൂബർ ടാക്‌സികൾ വിളിക്കാതിരിക്കേണ്ട. കുട്ടികൾക്കുള്ള കാർ സീറ്റുമായി യൂബർ കമ്പനി എത്തുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 100 കാറുകളിലാണ് കമ്പനി കാർ സീറ്റ് ഘടിപ്പിക്കുന്നത്. ഈ സൗകര്യത്തോടെയുള്ള യൂബർ ടാക്‌സി 15 മുതൽ ലഭ്യമായിത്തുടങ്ങും.

ഒന്നു മുതൽ പത്തു വയസുവരെയുള്ള കുട്ടികൾക്കാണ് കാർ സീറ്റ്. പത്തു കിലോ മുതൽ 25 കിലോ വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് കാർ സീറ്റ്. കാർ സീറ്റ് ഉള്ള ടാക്‌സി ബുക്ക് ചെയ്യുമ്പോൾ അഞ്ചു ഡോളർ ആണ് അധികമായി നൽകേണ്ടത്. കമ്പനിയുടെ ആപ്പ് വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ യൂബർ കാർ സീറ്റ് ഓപ്ഷൻ സെലക്ട് ചെയ്യാം.

കാർ ട്രാവൽ സേഫ്റ്റി ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനിയായ ടാക്‌സി ബേബിയുമായി സഹകരിച്ചാണ് യൂബർ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഓരോ കാർ സീറ്റിനും 400 ഡോളർ വിലയാകുമെങ്കിലും ഡ്രൈവർമാർക്ക് വിലക്കുറവിൽ ഇതു ലഭ്യമാകുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി.