ബർമിങ്ഹാം: ഹോളിവുഡ് താരം ടോം ക്രൂസിന്റെ ലക്ഷ്വറി കാർ കവർന്ന് ഹൈടെക് കള്ളന്മാർ. ടോം ക്രൂസിന്റെ ബി.എം.ഡബ്ല്യു എക്‌സ് സെവൻ ആണ് കവർച്ചപോയത്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ മിഷൻ ഇമ്പോസിബിൾ സെവന്റെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ടോം. ഹോട്ടലിന് വെളിയിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

ബിർമിങ്ഹാമിൽ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗം ചിത്രീകരണം നടക്കുന്നതിനിടെയാണ് കാറ് മോഷണം പോയത്. ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണമുള്ളതിനാൽ പൊലീസിന് കാർ കണ്ടെത്താനായി.

ബർമിങ്ഹാമിലെ ഗ്രാൻഡ് ഹോട്ടലിന് പുറത്ത് ആയിരുന്നു കാർ പാർക്ക് ചെയ്തത്.കാർ മോഷണം പോയ ഉടനെ തന്നെ പൊലീസ് പരിശോധനയും ആരംഭിച്ചു. അധികം വൈകാതെ കാർ കണ്ടെത്തി. ഹോളിവുഡിലെ അതീവ സുരക്ഷയുള്ള താരങ്ങളിൽ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാർ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്‌ച്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.



ടോം ക്രൂസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ബി.എം.ഡബ്ല്യു എക്‌സ് 7 ഉപയോഗിച്ചിരുന്നത്. ഗ്രാൻഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവിൽ നടൻ ടോം ക്രൂസ് വലിയ കോപാകുലനായതായും റിപ്പോർട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബർമിങ്ഹാം ഷോപ്പിങ് സെന്ററിൽ മിഷൻ ഇംപോസിബിൾ 7-ന്റെ ചിത്രീകരണത്തിലായിരുന്നു താരം. ബിഎംഡബ്ല്യൂ കമ്പനി ടോം ക്രൂസിന് പുതിയ കാർ എത്തിച്ചുനൽകിയതായും റിപ്പോർട്ടുകളുണ്ടെങ്കിലും താരം ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല.

100,000 യൂറോ(ഏകദേശം 1.01 കോടി) വിലയുള്ള എക്‌സ് സെവൻ ബീമറിന്റെ ഏറ്റവും ഉയർന്ന എസ്.യു.വിയാണ്. കാറിന്റെ കീലെസ് ഇഗ്‌നിഷൻ ഫോബിന്റെ സിഗ്‌നൽ ക്ലോൺ ചെയ്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാർ പിന്നീട് പൊലീസ് കണ്ടെത്തിയെങ്കിലും ലഗേജും മറ്റു വസ്തുക്കളും മോഷ്ടാക്കൾ കവർന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കാം മോഷ്ടാക്കൾ കാർ സ്റ്റാർട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞതായി ദ സൺ റിപ്പോർട്ട് ചെയ്യുന്നു.



ബി.എം.ഡബ്ല്യുവിന്റെ സാങ്കേതികമായി ഏറ്റവും ഉയർന്ന വാഹനങ്ങളിൽ ഒന്നാണ് എക്‌സ് സെവൻ. കീലെസ്സ് എൻട്രി ആൻഡ് ഗോ സംവിധാനമുള്ള വാഹനമാണിത്. കീ ഉപയോഗിക്കാതെതന്നെ വാഹനം തുറക്കാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും. ടോം ക്രൂസിന്റെ വാഹനത്തിന്റെ കോഡ്, വയർലെസ് ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് ക്രാക്ക് ചെയ്താണ് മോഷ്ടാക്കൾ വാഹനം തുറന്നതും സ്റ്റാർട്ട് ചെയ്തതും. കാറിന്റെ കീലെസ് ഫോബിലേക്ക് ഒരു സന്ദേശം പുറപ്പെടുവിച്ചുകൊണ്ട് സിഗ്‌നൽ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് വാഹനത്തിനരികിൽ നിൽക്കുന്ന മോഷ്ടാക്കളിൽ ഒരാൾ സിഗ്‌നൽ സ്വീകരിക്കുകയും വാഹനത്തിന്റെ താക്കോൽ പരിധിക്കുള്ളിലാണെന്ന് കാറിന്റെ സോഫ്‌വെയറിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങിനെ കാർ അൺലോക്ക് ചെയ്യുകയും മോഷ്ടാവ് അകത്തുകടക്കുകയും ചെയ്യും. കാറിന്റെ ടെക്‌നിക്കൽ പോർട്ട് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ശൂന്യമായ ഫോബ് ഉപയോഗിച്ച് ഇതേ പ്രക്രിയ ആവർത്തിച്ചാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. ഇതേ രീതിയിൽ മോഷ്ടാക്കൾക്ക് റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ ഡ്രൈവറുടെ കീഫോബ് ജാം ചെയ്യാമെന്നും പൊലീസ് വിശദീകരിക്കുന്നു. കാറിന്റെ കമ്പ്യൂട്ടർ ഹാർഡ്വെയറിലേക്ക് ആക്സസ് നേടാൻ ഇത് അവരെ സഹായിക്കും.

ജി.പി.എസ് ട്രാക്കർ ഉപയോഗിച്ചാണ് പൊലീസിന് വാഹനം കണ്ടെത്താൻ കഴിഞ്ഞത്. വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ വാഹനത്തിൽ നിന്ന് നഷ്ടമായി. ഇതിലധികവും ടോം ക്രൂസിന്റെ സ്വകാര്യ സാധനങ്ങളാണ്. നാല് ഡോറുകളുള്ള ആഡംബര എസ്.യു.വിയാണ് ബി.എം.ഡബ്ല്യു എക്‌സ് സെവൻ. 4.4 ലിറ്റർ വി 8 എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 523 എച്ച്പി കരുത്ത് പുറത്തെടുക്കാൻ എഞ്ചിന് കഴിയും. 4.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 249 കിലോമീറ്ററാണ് പരമാവധി വേഗത.