റിയാദ്: കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങവേ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മലയാളിയുടെ കാർ തട്ടിയെടുത്തതായി പരാതി.റിയാദ് മലസിലെ ഒരു ട്രാവൽസിൽ ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാർട്ടിൻ കുര്യന്റെ കാറാണ് അറബ് വംശജരായ അഞ്ചംഗ സംഘം തട്ടിയെടുത്തത്.

ഡി.എ.ഡി 4003 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള ടൊയോട്ട യാരിസ് കാറാണ് കളവ് പോയത്. കണ്ടു കിട്ടുന്നവർ 0533732814 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മാർട്ടിൻ ആവശ്യപ്പെട്ടു. ദീര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ശുമേസിയിലാണ് സംഭവം.റമസാനായതിനാൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്ക് ശേഷമാണ് മാർട്ടിൻ ശുമേസിയിലെ താമസസ്ഥലത്ത് എത്തിയത്. വീടിനടുത്ത് കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങവെ പതുങ്ങി നിൽക്കുകയായിരുന്ന കവർച്ചാ സംഘം ഇദ്ദേഹത്തെ വളയുകയായിരുന്നു.

ഒരാൾ കത്തി കഴുത്തിൽ വെച്ച് ഒച്ചയെടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരാൾ പഴ്സും മൊബൈലും പിടിച്ചെടുത്തെങ്കിലും പഴ്സിൽ പണമില്ലാത്തതിനാൽ തിരിച്ചുനൽകി. മൊബൈൽ തിരിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ സംഘം അതും തിരിച്ചു നൽകിയെങ്കിലും കീശയിലുണ്ടായിരുന്ന പണം അവരെടുത്തു. ശേഷം അവരിലൊരാൾ കാറുമായി കടന്നു കളയുകയായിരുന്നു. മറ്റുള്ളവർ മറ്റൊരു കാറിലും സ്ഥലം വിട്ടു.

നിമിഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന സംഘം മാർട്ടിനോട് കയ്യിലുള്ള വാച്ച് അഴിച്ചുതരാൻ ആവശ്യപ്പെട്ടു. വാച്ച് കൈക്കലാക്കിയ ശേഷം മാർട്ടിന്റെ കാറുമായി ഇപ്പോൾ തിരിച്ചുവരാമെന്ന് പറഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു.