ദോഹ: പൊതുയിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിൽ കാർ കഴുകുന്നത് നിരോധിച്ച് ഖത്തർ. മാളുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവക്ക് മുന്നിലും അകത്തുമായി കാർ പാർക്ക് ചെയ്യുന്നയിടങ്ങളിൽ വാഹനങ്ങൾ കഴുകിക്കൊടുക്കുന്നത് സാധാരണമാണ്. ഇവയടക്കം വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ നിരോധനത്തിൽ വരും.

ഇനിമുതൽ അംഗീകൃത കമ്പനികൾക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയൂ. മാളുകളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ബേസ്‌മെന്റിലുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ മാത്രമേ ഇത് ഇനിമുതൽ പാടുള്ളൂ. അംഗീകൃത കാർ വാഷിങ് കമ്പനികൾക്ക് നിർണയിച്ചിട്ടുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രമാണ് ഇത് അനുവദിക്കുക. ഓരോ കമ്പനികൾക്കും അനുയോജ്യമായ സ്ഥലം നിർണയിച്ചുനൽകിയിട്ടുണ്ട്. അവിടങ്ങളിൽ മാത്രമേ ഇനിമുതൽ കാർ കഴുകിനൽകുന്ന സേവനം തുടരാൻ പാടുള്ളൂ. ആവശ്യത്തിന് അഴുക്കുചാൽ സൗകര്യമുള്ള ഇടങ്ങൾ ആയിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്.

തൊഴിലാളികൾ വൃത്തിയുള്ള യൂനിഫോം ധരിച്ചിരിക്കണം. വസ്ത്രത്തിൽ ജീവനക്കാരന്റെ പേരും കമ്പനിയുടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. കാർ കഴുകുന്ന സ്ഥലവും അനുബന്ധ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കാർ നിർത്തിയിട്ടുപോകുന്നവരോട് കാർ കഴുകണോ എന്ന് നിരന്തരം ആവശ്യപ്പെടുകയോ അവരെ പിന്തുടർന്ന് ഇതിനായി അലോസരപ്പെടുത്തുകയോ ചെയ്യരുത്. ആധുനിക ഉപകരണങ്ങളും രീതികളും ഉപയോഗിച്ചാണ് വാഹനങ്ങൾ കഴുകുന്നത് എന്ന് ഉറപ്പുവരുത്തണം. എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണം. അംഗീകാരം നേടിയിട്ടുള്ള എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിച്ചാൽ കർശനമായ നടപടികൾ ഉണ്ടാവുകയും ചെയ്യും.