- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ബെൻസ് ടൂറിസ്റ്റ് കാരവനുമായി കേരളത്തിലേക്ക്; മുൻനിര വാണിജ്യവാഹന നിർമ്മാതാക്കൾ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന സമഗ്ര കാരവൻ ടൂറിസം പദ്ധതിയായ 'കാരവൻ കേരള'യിലേക്ക് വാഹനനിർമ്മാതാക്കളായ ഭാരത് ബെൻസ് എത്തുന്നു. രാജ്യത്തെ മുൻനിര വാണിജ്യവാഹന നിർമ്മാതാക്കൾ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമാണെന്ന് ഭാരത് ബെൻസിലെ മുതിർന്ന എക്‌സിക്യുട്ടീവുകളുമായി കൂടിക്കാഴ്ചനടത്തിയശേഷം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഭാരത് ബെൻസ് സംഘം ഗതാഗതമന്ത്രി ആന്റണി രാജുവിനെയും സന്ദർശിച്ചു. ചർച്ചകൾ പ്രതീക്ഷനൽകുന്നതാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കാരവൻ പുറത്തിറക്കുമെന്നും ഭാരത് ബെൻസ് മാർക്കറ്റിങ് സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂർത്തി പറഞ്ഞു. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം.
പൊതു-സ്വകാര്യ മാതൃകയിൽ യാഥാർഥ്യമാകുന്ന പദ്ധതിയിൽ സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പങ്കാളികളാകും. കാരവാൻ യാത്രയും കാരവാൻ പാർക്കിങ്ങും ഉൾപ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാൻ ടൂറിസം നിലവിൽ വരുന്നത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിങ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ കാബിനുമായുള്ള വിഭജനം, എ.സി., ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളിൽ ക്രമീകരിക്കും.
അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകൾ ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. സംസ്ഥാനത്ത് മുഴുവൻ യാത്രചെയ്യാനുള്ള അനുമതിയായിരിക്കും വാഹനത്തിന് നൽകുക. കേരളത്തിൽ ഏറെ പരീക്ഷിക്കാത്ത സാധ്യതകളിലേക്ക് ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഫാം ടൂറിസം, ആയുർവേദ ടൂറിസം, സ്പോർട്സ് ടൂറിസം, ഫോറസ്റ്റ് ടൂറിസം അങ്ങനെ പോകുന്നു സാധ്യതകൾ. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച വിശദമായ പഠനങ്ങൾ നടന്നുവരികയാണ്. താമസിയാതെ പുതിയ പദ്ധതികൾ ടൂറിസം വകുപ്പ് പ്രഖ്യാപിക്കും. പുറംലോകത്തിന് പരിചിതമല്ലാത്ത 500-ലേറെ ടൂറിസം സാധ്യതാ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ