ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തി എട്ട് പേരുടെ മരണത്തിനും നിരവധി പേർക്ക് പരുക്കേൽക്കുന്നതിനും കാരണക്കാരനായ ഉസ്ബെക്കിസ്ഥാൻകാരൻ സായ്ഫുല്ലോ സായ്പോവ് ഗ്രീൻ ലോട്ടറിയടിച്ച് അമേരിക്കയിൽ എത്തിയതാണെന്ന് വെളിപ്പെട്ടു. താൻ ഇവിടേക്ക് വന്നതിന് പുറമെ തന്റെ 23 ബന്ധുക്കളെ കൂടി ഇയാൾ അമേരിക്കയിലേക്ക് എത്തിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ ഗ്രീൻകാർഡ് ലഭിക്കുന്നവരുടെ കുടുംബത്തിനും വിസ നൽകുന്ന ഏർപ്പാട് നിർത്തണം എന്ന് ശക്തമായി ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരത്തിൽ ഗ്രീൻകാർഡ് ലഭിക്കുന്നവർ യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ തങ്ങളുടെ ഉറ്റവരെയും ഇവിടേക്ക് കൊണ്ട് വരുന്നത് ഇതുപോലുള്ള കടുത്ത അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് ന്യൂയോർക്ക് ആക്രമണത്തെ ഉദാഹരണമായി എടുത്ത് കാട്ടി ട്രംപ് വാദിക്കുന്നു.

യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും വൈകിക്കൂടെന്ന് ഈ ആക്രമണത്തിലൂടെ ഒരിക്കൽ കൂടി വ്യക്തകമായെന്നും പ്രസിഡന്റ് മുന്നറിയിപ്പേകുന്നു. ഇയാൾക്കൊപ്പം 23 പേർ കൂടി അമേരിക്കയിലേക്ക് കടന്ന് വന്നുവെന്നത് ഒരിക്കലും സ്വീകരിക്കാൻ പറ്റി കാര്യമല്ലെന്നും ട്രംപ് പറയുന്നു. വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ള നിലവിലെ ലോട്ടറി പ്രോഗ്രാം അവസാനിപ്പിക്കണമെന്നും പകരം വിദേശികൾക്ക് അമേരിക്കയിലേക്ക് കടന്ന് വരുന്നതിനായി കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം അഥവാ മെറിറ്റ് ബേസ്ഡ് സിസ്റ്റം ഇവിടെ നടപ്പിലാക്കണമെന്നുമാണ് ട്രംപ് നിർദ്ദേശിക്കുന്നത്.

ഡൈവേഴ്സിറ്റി-ബേസ്ഡ് ലോട്ടറി പ്രോഗ്രാമിലൂടെ ഇവിടെയെത്തിയ സായ്ഫുല്ലോ രാജ്യത്തിന് തന്നെ കടുത്ത ദ്രോഹമാണ് വരുത്തി വച്ചിരിക്കുന്നതെന്നും ഇനിയും ഇതനുവദിച്ച് കൂടെന്നും ട്രംപ് താക്കിത് നൽകുന്നു. കഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ആളുകളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്ന സംവിധാനം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതോടെ ഇമിഗ്രേഷന് മേൽ അമേരിക്കയ്ക്ക് നിയന്ത്രണം ലഭിക്കുമെന്നും ട്രംപ് പറയുന്നു. നിലവിൽ ആളുകൾ ഇവിടേക്ക് കുടിയേറുകയും അവർക്ക് ഇഷ്ടമുള്ളപ്പോൾ ഉറ്റവരെയും ഇവിടേക്ക് കൊണ്ട് വരുന്ന രീതിയാണുള്ളതെന്നും അത് അപകടം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിലൂടെ ഇത്തരം ചെയിൻ മൈഗ്രേഷനെ ഇല്ലാതാക്കാനാവുമെന്നും പ്രസിഡന്റ് നിർദ്ദേശിക്കുന്നു. വളരെ കാലമായി ഇത്തരത്തിലുള്ള ഒരു കുടിയേറ്റ സംവിധാനം നടപ്പിലാക്കാൻ താൻ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ പുതിയ കുടിയേറ്റ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രവർ്ത്തനം ഉടൻ ആരംഭിക്കാൻ നമുക്ക് ഉടൻ തന്നെ കോൺഗ്രസിനോട് ആവശ്യപ്പെടണമെന്നും ട്രംപ് നിർദ്ദേശിക്കുന്നു. ഡെമോക്രാറ്റുകളാണ് മാതൃകാപരമായ ഈ നിയമത്തിന് തടസം നിൽക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.

ന്യൂയോർക്കിൽ ആക്രമണം നടത്തിയ മനുഷ്യൻ മൃഗസമാനനാണെന്നാണ് വൈറ്റ് ഹൗസിൽ നടന്ന ഒരു കാബിനറ്റ് മീറ്റിംഗിനിടെ ട്രംപ് ആഞ്ഞടിച്ചിരിക്കുന്നത്. 1990ൽ കോൺഗ്രസ് നടപ്പിലാക്കിയ ലോട്ടറി പ്രോഗ്രാം തന്റെ ഇഷ്ടത്തിന് അവസാനിപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ല. ഇതിന് പകരം മെറിറ്റ് അധിഷ്ഠിത പ്രോഗ്രാം നടപ്പിലാക്കാനുള്ള നിയമം സെനറ്റിലൂടെ പാസാക്കിയാൽ മാത്രമേ ഇതിൽ ട്രംപിന് മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് പാസാകുമെന്ന് ഉറപ്പില്ല. വർഷത്തിൽ പരമാവധി 50,000 ലോട്ടറി വിസകൾ നൽകുന്നത് പൂജ്യമാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് വൈറ്റ് ഹൗസിന് ആവശ്യപ്പെടാൻ സാധിക്കും. 2015 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസകൾക്കായി 9.4 മില്യൺ അപേക്ഷകളാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്നും 125,000 പേരെയാണ് ലോട്ടറി അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തത്. ഇവരെ ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുവദിച്ചിട്ടുണ്ട്.