കൊച്ചി: സീറോ മലബാർ സഭാ പിതാവ് മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഗൂഢാലോചന നടത്തി രംഗത്തെത്തിയ എറണാകുളം രൂപതയിലെ മെത്രാന്മാർക്ക് വൻ തിരിച്ചടി. ഭൂമി പ്രശ്നം ഇന്നലെ സിനഡിൽ പരിഗണിച്ചപ്പോൾ ഒരു മെത്രാൻ പോലും ശക്തമായി ആലഞ്ചേരിക്കെതിരെ നിലപാട് എടുത്തില്ല എന്നതാണ് പ്രധാന കാരണം. എറണാകുളം രൂപതയുടെ മാത്രം പ്രശ്നം ചർച്ച ചെയ്തു സിനഡിന്റെ സമയം കളയരുത് എന്ന ചില മെത്രാന്മാരുടെ നിർദ്ദേശം സ്വീകരിച്ചു അന്തിമ ചർച്ചയും തീരുമാനവും വ്യാഴാഴ്ചത്തേക്ക് നീട്ടിയതോടെ വിമത വൈദികർ ഇപ്പോൾ ശ്രമിക്കുന്നത് അച്ചടക്ക നടപടി ഒഴിവാക്കുക മാത്രമാണ്.

എറണാകുളം രൂപതയുടെ അദ്ധ്യക്ഷനായി ചുമതല ഏറ്റ നാൾ മുതൽ ഒരു സംഘം വൈദികർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരസ്യമായ അപമാനങ്ങളും മാർ ആലഞ്ചേരി ഇന്നലെ മെത്രാൻ യോഗത്തിൽ വിവരിച്ചതോടെ വടക്കൻ രൂപതകളിലെ മെത്രാൻ പോലും ഒന്നും പറഞ്ഞതില്ല. ഫരീദബാദ് രൂപതാധ്യക്ഷൻ മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ മാർ ആലഞ്ചേരിയെ മറച്ചിടാൻ ശ്രമിക്കുന്നു എന്ന വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നതൊഴിച്ചാൽ ഭൂമി പ്രശ്നത്തിൽ മാർ ആലഞ്ചേരിക്കെതിരെ ആരും തന്നെ വിമർശനം ഉയർത്തിയിട്ടില്ല.

മാർ ആലഞ്ചേരിയുടെ രാജി ചർച്ച ചെയ്തതേയില്ല. എറണാകുളം രൂപതയിലെ ആഭ്യന്തര പ്രശ്നം സീറ മലബാർ സഭയ്ക്ക് മൊത്തം നാണക്കേടായി മാറിയതിൽ എല്ലാവരും ആശങ്കപ്പെടുകയും അതിന് പരിഹാരം ഉണ്ടാക്കാൻ നിർദ്ദേശിക്കകയും ചെയ്തു. സഭയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തികളിൽ ഏർപ്പെട്ട എറണാകുളത്തെ വിമത വൈദികർ പോലും രോക്ഷ പ്രകടനം നടത്തി. എന്നാൽ ആർക്കും എതിരെ പ്രതികാര നടപടികൾ എടുക്കാൻ തനിക്ക് താൽപ്പര്യം ഇല്ലെന്നും പ്രതിഷേധിച്ചവരുടെ ആശങ്ക മനസ്സിലാക്കാൻ ആണ് താൻ ശ്രമിക്കുന്നത് എന്നുമായിരുന്നു മാർ ആലഞ്ചേരിയുടെ പ്രതികരണം.

തുടർന്ന് മാർ ആലഞ്ചേരിയെ പിന്തുണക്കുന്നവർക്കും വിമത വൈദികർക്കും സ്വീകാര്യനായ ഒരു മധ്യസ്ഥനെ പ്രശ്ന പരിഹാരത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മധ്യസ്ഥന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയ ശേഷം വ്യാഴാഴ്ച സിനഡിൽ ഒത്തു തീർപ്പ് ഫോർമുല ചർച്ച ചെയ്യും. ഭൂമി ഇടപാടിൽ രൂപതയ്ക്ക് കിട്ടാനുള്ള പണം മുഴുവൻ മേടിച്ചെടുക്കുകയായിരുന്നു പ്രാഥമികമായ ആവശ്യം. വിഷയം ഉന്നയിച്ച വൈദികരെ ഒറ്റപ്പെടുത്തുകയോ അച്ചടക്ക നടപടിക്ക് വിധേയമാക്കുകയോ ചെയ്യണം എന്നതാണ് രണ്ടാമത്തെ ആവശ്യം. രണ്ട് കാര്യങ്ങളും പരിഹാരം ഉണ്ടാക്കിയ ശേഷം മാർ ആലഞ്ചേരി തന്നെ സഭാ നേതൃത്വത്തിൽ തുടരും.

ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പോപ്പ് ഫ്രാൻസിസിനെയും പ്രശ്‌നത്തിൽ ഇടപെടീക്കാനുള്ള വൈദികരുടെ നീക്കവും പൊളിഞ്ഞു. സഭയുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടണമെങ്കിൽ സഭാ നേതൃത്വം ആവശ്യപ്പെടണം എന്ന മറുപടിയാണ് മുഖ്യമന്ത്രി വേണ്ടപ്പെട്ടവർക്ക് നൽകിയത്. എറണാകുളത്തെ ഇടത് പക്ഷത്തോടൊപ്പം നിൽക്കുന്ന ഒരു പ്രമുഖ സാമൂഹിക പ്രവർത്തകന്റെ പിന്തുണയോടെയാണ് പിണറായിയുമായി കൂടി കാഴ്ച നടത്താൻ ഇവർ നീക്കം നടത്തിയത്. പിണറായി കൂടി കാഴ്ചയ്ക്ക് വിസമ്മതിക്കുകയും സ്ഥിതിഗതികൾ വിലയിരുത്താൻ തന്റെ ചില വിശ്വസ്ഥരെ ഏർപ്പെടുത്തുകയും ചെയ്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

മാർപ്പാപ്പയ്ക്ക് കത്തെഴുതി ഇടപെടൽ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച വിമത വൈദികർക്ക് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തം. പൗരസ്ത്യ സഭകൾക്കിടയിലെ പ്രശ്നങ്ങളിൽ ഒരു കാരണവശാലും ഇടപെടരുത് എന്ന നിലപാടുകാരനാണ് പോപ്പ് ഫ്രാൻസിസ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ സഭാ സിനഡ് ഇടപെടട്ടെ എന്നാണ് മാർപ്പാപ്പായുടെ തീരുമാനം. സിനഡ് ഔദ്യോഗികമായി ആവശ്യപ്പെടാതെ സീറോ മലബാർ സഭയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടരുത് എന്നു റോമന്റെ കീഴിലുള്ള കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്കും പോപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വത്തിക്കാനിലെ ചില മയാളി വൈദികരുടെ മുൻകൈയിൽ പോപ്പിനെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കാനുള്ള നീക്കവും ഇതേ തുടർന്ന പൊളിഞ്ഞു പോയി. അതിനിടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലവില്പനയിൽ കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരി സ്വന്തം ലാഭത്തിനായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അഖില കേരള കത്തോലിക്കാ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് നൽകുകയും ചെയ്തു. ഇടപാടിലുണ്ടായ പാകപ്പിഴകൾ സഭാ വേദികളിൽ പരിഹരിക്കാതെ പരസ്യമായി സഭയെയും സമുദായത്തെയും അപമാനിക്കാൻ ഗൂഢാലോചന നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ ഔദ്യോഗിക സംഘടനയാണ് കത്തോലിക്കാ കോൺഗ്രസ്. വൈസ് പ്രസിഡന്റ് സാജു അലക്‌സ്, സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, വർക്കിങ് കമ്മിറ്റി അംഗം ജിബോയിച്ചൻ വടക്കൻ എന്നിവരുൾപ്പെട്ട സമിതിയാണ് വിവാദത്തെക്കുറിച്ച് അന്വേഷിച്ചത്. ഇടനിലക്കാരനായ സാജു വർഗീസ് സഭയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു. സഭാ തലവനായ കർദ്ദിനാൾ ആലഞ്ചേരി ബോധപൂർവമായ കുറ്റം ചെയ്തിട്ടില്ല. രൂപതയിലെ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവയും വികാരി ജനറലും നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതായി അറിയിച്ച സ്ഥലങ്ങളുടെ രേഖയിൽ ഒപ്പിട്ടെന്നേയുള്ളൂ. അതിന്റെ പേരിൽ കർദ്ദിനാളിനെ ഒറ്റപ്പെടുത്തുന്നത് നീതിരഹിതമാണെന്നാണ് കണ്ടെത്തൽ.