ലണ്ടൻ: യുകെയിലാകമാനം ആസിഡ് ആക്രമണം വ്യാപകമാകുന്നതിനിടെ നോട്ടിങ്ഹിൽ കാർണിവലിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയും ആസിഡ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. കാർണിവലിൽ പങ്കെടുക്കാൻ പേരിന് മാത്രം വസ്ത്രം ധരിച്ച് എല്ലാം പ്രദർശിപ്പിച്ച് ആഘോഷമാക്കാനെത്തിയവർ ആസിഡ് ആക്രമണത്തെക്കുറിച്ചറിഞ്ഞ് ജീവനും കൊണ്ട് നാലുപാടും ചിതറിയോടുകയായിരുന്നു. ഭയാശങ്കയോടെ ഓടിയവരെ തട്ടി വീണും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രാത്രി എട്ട് മണിയോടെ വെസ്റ്റ് ലണ്ടനിലെ ലാഡ്ബ്രോക്ക് ഗ്രോവിലാണ് സംഭവം നടന്നിരിക്കുന്നത്.

ആസിഡ് ആക്രമണത്തെ കുറിച്ച് കേട്ട് നിരവധി പേർ കരഞ്ഞ് കൊണ്ടും ശബ്ദമുയർത്തിക്കൊണ്ടു ഓടി രക്ഷപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തട്ടി വീണ് നിരവധി പേർക്ക് പരുക്കേൽക്കുകയും മുന്ന് പേർക്ക് തൊലിപ്പുറത്ത് അസ്വസ്ഥതയുണ്ടായതായും റിപ്പോർട്ടുണ്ട്. കാർണിവലിനായി സെന്റ് ചാൾസ് സ്‌ക്വയ്റിൽ ഒത്ത് കൂടിയ ജനക്കൂട്ടത്തിന് നേരെ ആസിഡാക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ കുറിച്ചുള്ള ത്വരിത ഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരുക്കേറ്റവർക്കും തൊലിപ്പുറത്ത് അസ്വസ്ഥത അനുഭവപ്പെട്ടവർക്കും സംഭവസ്ഥലത്ത് വച്ച് തന്നെ അത്യാവശ്യ ചികിത്സ ലണ്ടൻ ആംബുലൻസ് സർവീസ് ലഭ്യമാക്കിയിരുന്നു. ബാങ്ക് ഹോളിഡേ ആയ ഇന്നലെ വെസ്റ്റ്ലണ്ടനിലെ തെരുവുകളിൽ കരീബിയൻ സംഗീതം ആസ്വദിക്കാനും ഭക്ഷണം നുകരാനുമായി നിരവധി പേർ തിക്കിത്തിരക്കി എത്തിയതിനിടെയായിരുന്നു ഈ ആക്രമണ ഭീഷണി ഉയർന്നിരുന്നത്. ഇതിനിടെ ഊഷ്മാവ് 29 ഡിഗ്രിയായി ഉയരുകയും ചെയ്തിരുന്നു. കാർണിവലിനെത്തിയ പെർഫോമർമാർ ഗ്ലിറ്റർ, തൂവലുകൾ തുടങ്ങിവയാൽ പതിവുപോലെ അലങ്കരിക്കപ്പെട്ടിരുന്നു.

ഗ്രെൻഫെൽ ടവർ അപകടത്തിൽ മരിച്ചവർക്കായി ഒരു മിനുറ്റ് മൗനമാചരിച്ചിരുന്നു. കാർണിവലിനോടനുബന്ധിച്ച് ആക്രമണങ്ങൾ നടത്തിയതിന്റെ പേരിൽ 122 പേരാണ് ഞായറാഴ്ച അറസ്റ്റിലായിരിക്കുന്നത്. ഇതിന് മുമ്പത്തെ വർഷത്തേക്കാൾ ഇരട്ടിയാണിത്. ഇന്നലെ ഉണ്ടായ ബഹളത്തെ തുടർന്ന് 245 പേരെ തടഞ്ഞ് നിർത്തിയിരുന്നു. ഈ പ്രാവശ്യത്തെ കാർണിവലിനോടനുബന്ധിച്ച് മൊത്തം 313 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 191 പേർ ഇന്നലെയാണ് അറസ്റ്റിലായിരിക്കുന്നത്. ഈ വീക്കെൻഡിൽ കാർണിവലിനോടനുബന്ധിച്ച് ബ്ലേഡുകൾ വഹിച്ചെത്തിയ 50 പേരെ തടഞ്ഞ് വച്ചിരുന്നു.

ഇതിനിടെ 28 പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവന്റിന്റെ ഓരോ ദിവസവും ഓരോ കോണും പരിശോധിക്കുന്നതിനായി ആയിരക്കണക്കിന് പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നതെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. സമീപകാലത്ത് യുകെയിൽ നടന്ന ഭീകരാക്രമണങ്ങളുടെ ആശങ്കയാലാണ് സുരക്ഷാ സംവിധാനം ഇരട്ടിയാക്കിയിരിക്കുന്നത്. കാർണിവലിന്റെ ആദ്യദിവസമായ ഞായറാഴ്ച 344 പേരെ ചികിത്സിച്ചിരുന്നുവെന്നാണ് ലണ്ടൻ ആംബുലൻസ് സർവീസ് വെളിപ്പെടുത്തുന്നത്. ഇവരിൽ മിക്കവരും അമിതമായി മദ്യപിച്ചതിനെ തുടർന്ന് പരുക്കേറ്റവരാണ്.