ദോഹ: ദുബായിൽ സർവീസ് നടത്തുന്ന കാർസ് ടാക്‌സികൾ ഇനി മുതൽ ദോഹയിലും. ഇന്നു മുതൽ മുകളിൽ മഞ്ഞ പെയിന്റടിച്ച കാർസ് ടാക്‌സികൾ സർവീസിനായി നിരത്തിലിറങ്ങും. സംസ്ഥാന ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ മൊവാസലത്ത് ഇതുസംബന്ധിച്ച് അനുമതി നൽകിക്കഴിഞ്ഞു.

പ്രൊഫിറ്റ് ഗ്രൂപ്പാണ് പുതിയ കാർസ് ടാക്‌സി സർവീസ് നടത്തുന്നത്. ഈയാഴ്ചയിൽ 50 പുതിയ ടാക്‌സികൾ നിരത്തിലിറക്കും. ഓരോ ആഴ്ചയിലും 50 പുതിയ വണ്ടികൾ വീതം അവതരിപ്പിച്ച് ഈ വർഷം അവസാനത്തോടെ 500 വാഹനങ്ങൾ നിരത്തിലിറക്കാനാണ് പ്രൊഫിറ്റ് കമ്പനി പദ്ധതി തയാറാക്കിയിരിക്കുന്നത്.

കർവ ബ്രാൻഡിനു കീഴിൽ ടാക്‌സി സർവീസ് നടത്തുന്ന മൂന്നാമത്തെ സ്വകാര്യ ഓപ്പറേറ്ററാണ് പ്രൊഫിറ്റ്. നിലവിൽ ദുബായിൽ കാർസ് ടാക്‌സി ബ്രാൻഡിൽ 1500 ടാക്‌സികൾ പ്രൊഫിറ്റ് ഓടിക്കുന്നുണ്ട്. ദോഹയിലും ഇതേ പേരിൽ തന്നെയാണ് പ്രൊഫിറ്റ് സർവീസ് നടത്തുന്നത്.