കുവൈറ്റ് സിറ്റി: റോഡിലെ നിയന്ത്രണരേഖകളും മറ്റും മറികടക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിയമം തെറ്റിച്ചു പിടിക്കപ്പെടുന്ന വാഹനങ്ങൾ രണ്ടുമാസത്തേക്കാണ് കണ്ടുകെട്ടുന്നത്. വാഹനങ്ങൾ മന്ത്രാലയത്തിനും കീഴിലെ ഗാരിജിലേക്ക് നീക്കുന്നതിന്റെ ചെലവിലേക്ക് പത്തു ദിനാർ അടയ്‌ക്കേണ്ടി വരും.

കൂടാതെ ഗാരിജിൽ വാഹനം സൂക്ഷിക്കുന്നതിന് പ്രതിദിനം ഒരു ദിനാർ എന്ന കണക്കിന് വാടകയും നൽകേണ്ടി വരും. കാൽനടക്കാർക്കുള്ള ഇടങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നു മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം വിവിധ നടപടികൾ സ്വീകരിക്കുന്നത്. ഹൈവേകളിൽ റോഡിന്റെ ഇരുവശത്തും എമർജൻസി ലൈനുകളുണ്ട്. ചിലയിടങ്ങളിൽ ഇടത്തെ ലൈന്മറികടക്കാൻ നിശ്ചിത സമയങ്ങളിൽ അനുമതിയുണ്ട്.

ഗതാഗത തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് നിശ്ചിത വേഗത്തിൽ മാത്രം എമർജൻസി ലൈൻ മറികടക്കാൻ അനുമതി. സീബ്രാ വരയിൽ നിർത്തിയിട്ട് ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പുനരവലോകനം ചെയ്യാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.