- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ പുരസ്കാരം പിൻവലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ പുരസ്ക്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കാർട്ടൂണിന് നൽകിയ പുരസ്ക്കാരം അടിയന്തരമായി പിൻവലിക്കാൻ ഇടപെടണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കാർട്ടൂണിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ഇത്തരമൊരു ചിത്രം വരച്ചുവെന്നതിനേക്കാൾ രാജ്യത്തെ അവഹേളിക്കുന്ന ചിത്രത്തിന് സർക്കാർ ആദരവർപ്പിക്കുന്നുവെന്നതാണ് പ്രശ്നം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സുഗമമായ സഹകരണത്തിനും ഇത്തരം സംഗതികൾ വിഘാതമാകുമെന്നും പി കെ കൃഷ്ണദാസ് പറയുന്നു.
രാജ്യത്തിന്റെ അഭിമാനത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ ചിത്രമാണ് അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. 'കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് രാജ്യത്തെ അവഹേളിക്കാനായി നിദാനമായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം എത്രയേറെ മുന്നോട്ടു പോയി എന്നകാര്യം താങ്കൾക്കും അറിവുള്ളതാണ്.
വാക്സീൻ സൗജന്യമായി വിതരണം ചെയ്തുവെന്ന് മാത്രമല്ല വാകാസിനേഷൻ ചെയതവരുടെ എണ്ണം നൂറ് കോടി കവിഞ്ഞു. കോവിഡ്ക്കാല കേന്ദ്രസഹായം കേരളത്തിന് ലഭിച്ചിട്ടുണ്ടല്ലോ..? ലോകാരോഗ്യ സംഘടന ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്തെ പ്രശംസിച്ചിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ല' - അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ