തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ സാഹചര്യം കാർട്ടൂണിലൂടെ വരച്ചുകാട്ടാൻ ശ്രമിച്ച ഒരു കലാകാരൻ പിടിച്ചത് വലിയ പുലിവാൽ. ലോക്ഡൗണിൽ ആരാധനാലയങ്ങൾ അടഞ്ഞുകിടന്നതോടെ പട്ടിണി കിടന്ന മൂർത്തി പൂജാരിയോട് കയർക്കുന്ന ഇമാജിനേഷനാണ് കാർട്ടൂണാക്കി സീതത്തോട് സ്വദേശിയായ ഷാജി പി എബ്രഹാം വരച്ചുകാട്ടിയത്. ആരാധനാലയങ്ങളിൽ ഉള്ള മൂർത്തി വാതിൽ തുറന്നപ്പോൾ, പട്ടിണി കിടന്ന അവസ്ഥയിൽ പൂജാരിയോട് കയർക്കുന്നതായിരുന്നു കാർട്ടൂണിന്റെ ഇമാജിനേഷൻ.

കണ്ണിൽ ചോരയില്ലാത്ത ദുഷ്ടാ...!!! 45 ദിവസം പച്ചവെള്ളം തരാതെ അടച്ചിട്ടിട്ട് ഞാൻ എല്ലും തൊലിയും ആയി എന്നാണ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

എന്നാൽ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. സ്വാമി അയ്യപ്പനെ അവഹേളിക്കുന്നതാണ് കാർട്ടൂണെന്ന രീതിയിൽ വിമർശനം ഉയർന്നു. പിന്നാലെ ഫേസ്‌ബുക്കിലെ കാർട്ടൂൺ പിൻവലിച്ചു. നിരുപാധികം മാപ്പുപറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടു.



എന്നാൽ കാർട്ടൂൺ ഉൾപ്പെട്ട തന്റെ പോസ്റ്റും, ഫോൺ നമ്പറും ഷെയർ ചെയ്തതോടെ ഭീഷണി സന്ദേശങ്ങളും അസഭ്യവർഷവും ഏൽക്കേണ്ടി വന്നുവെന്ന് ഷാജി പി എബ്രഹാം പറയുന്നു. അത് ഒരു ഹ്യൂമർ ചിന്തയായിരുന്നുവെന്നും ബോധപൂർവം ഇങ്ങനെ ആകും എന്ന് കരുതി ചെയ്തതല്ല എന്നും ഷാജി പി എബ്രഹാം പറയുന്നു. പത്തനംതിട്ട ജില്ലയിൽ ഒരു ഗ്രാഫിക്‌സ് കട നടത്തുന്നയാളാണ്ഷാജി. പ്രതിഷേധം ഉയർന്നതോടെ സ്ഥാപനം തുറക്കാൻ സാധിക്കുന്നില്ല. വെളിയിൽ ഇറങ്ങാൻ സാധിക്കുന്നില്ല.

'ഞാൻ സീതത്തോടുകാരൻ ആണ്, അയ്യപ്പന്റെ നാട്ടുകാരൻ, ഞാൻ ഒരിക്കലും ഒരു മതത്തേയും അപമാനിക്കില്ല. എന്നെ ഹിന്ദു മഹാസഭയുടെ സെക്രട്ടറി വിളിച്ചിരുന്നു, ഞങ്ങളുടെ മതത്തെ അപകീർത്തിപ്പെടുത്തിയാൽ കേസുകൊടുക്കും, നിങ്ങളുടെ ഭാഗം വിശദീകരിച്ച് ഒരു വീഡിയോ ചെയ്ത് അയക്കണമെന്നും പറഞ്ഞു. ഞാൻ വീഡിയോ അയച്ചു കൊടുത്തു, എന്നിട്ടും ഭീഷണികൾ അടങ്ങുന്നില്ല' ഷാജി പി എബ്രഹാം പറയുന്നു.

'ഞാൻ പേടി കാരണം ഒളിവിലാണ്, യു ട്യൂബ് വീഡിയോയും ചിലർ ചെയ്ത് കാര്യങ്ങൾ വഷളാക്കി, എന്റെ ജീവനും പോലും ഭീഷണി ആണ് ഇത്, ഞാൻ ഒരിക്കലും അയ്യപ്പനെ അവഹേളിക്കില്ല, അയ്യപ്പൻ സീതത്തോട് ഞങ്ങളുടെ നാട്ടുകാരൻ കൂടിയാണ്, എനിക്ക് ധാരാളം ഹിന്ദു സുഹൃത്തുക്കളും, എല്ലാ മതങ്ങളേയും ബഹുമാനിച്ചാണ് ശീലം, ഈ വിഷയത്തിൽ ഞാൻ നിരുപാധികം മാപ്പ് പറഞ്ഞതാണ്. ദയവായി വിവാദം അവസാനിപ്പിക്കണം' ഷാജി പി എബ്രഹാം പറയുന്നു.

എല്ലാ ദിവസവും രാഷ്ട്രീയ സാമൂഹിക വിഷയത്തെ സംബന്ധിച്ച് കാർട്ടൂൺ വരയ്ക്കാറുണ്ട്. തെറ്റായ രീതിയിൽ ചിത്രീകരിക്കാതിരിക്കാൻ കേരളത്തിൽ കാണാത്ത രീതിയിൽ നാലു കൈകളോട് കൂടിയ ഒരു മൂർത്തിയുടെ ചിത്രമാണ് വരച്ചത്. എന്നാൽ മനസിൽ പോലും കാണാത്ത അർത്ഥമാണ് അതിന് പലരും കൊടുത്തത്. എന്നാൽ കാർട്ടൂൺ ഹിന്ദു മഹാസഭയേയും കേരളത്തിലെ ഹൈന്ദവ വിശ്വാസികളെയും വേദനിപ്പിച്ചു എന്നും മതവികാരം വ്രണപ്പെടുത്തി എന്നും മനസിലാക്കാൻ സാധിച്ചു. വളരെ തീവ്രമായ വികാരമാണ് കാർട്ടൂണിനെതിരെ ഉയർന്നത് എന്നും മനസിലാക്കി. ഉടൻ തന്നെ കാർട്ടൂൺ പിൻവലിച്ചു.

കാർട്ടൂൺ വരയ്ക്കാനുണ്ടായ സാഹചര്യവും, ആ കാർട്ടൂൺ ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചതിലും ഹിന്ദുമഹാസഭയോടും കേരളത്തിലെ ഹിന്ദു മത വിശ്വാസികളോടും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഷാജി പി എബ്രഹാം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

സമൂഹത്തിൽ മതപരമായ നിലപാടുകളും വിമർശനങ്ങളും ഒക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ ദൈവങ്ങളെ കാർട്ടൂണിലെ കഥാപാത്രങ്ങൾ ആക്കാതിരിക്കുക എന്നതാണ് നല്ലത്. വളരെ സെൻസിറ്റിവായ നാടാണ് നമ്മുടേത്. മതങ്ങളെ വിമർശിക്കുന്നത് തെറ്റില്ല. ദൈവങ്ങളെ വിമർശിക്കാതിരിക്കുന്നതാണ് നല്ലത്.