തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ പത്രാധിപരാണ് എം ടി വാസുദേവൻ നായർ മാതൃഭൂമിയുടെ സ്വന്തം ആളാണ് എംടിയെന്നാണ് വയ്പ്. എംടി മാത്രമല്ല, സാഹിത്യലോകത്തെ വിഗ്രഹങ്ങളെയാരെയും നോവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന പത്രം കൂടിയാണ് മാതൃഭൂമി.

ഈ സാഹചര്യത്തിൽ എംടിയെ പരിഹസിക്കുന്ന വിധത്തിൽ ചിത്രീകരിച്ച് ഇന്നത്തെ പത്രത്തിൽ സൺഡേ സ്‌ട്രോക്‌സ് ആയി പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണന്റെ കാർട്ടൂൺ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

അതേസമയം, വീരേന്ദ്രകുമാർ വലതുപക്ഷത്തേക്ക് ചുവടുമാറിയതിന് പിന്നാലെ പത്രം കൂടുതൽ സിപിഐ(എം) വിരുദ്ധമായി മാറുന്നുവെന്ന ആക്ഷേപം സഖാക്കൾ തന്നെ ഉയർത്തിക്കാട്ടുന്നുണ്ട്.

ഇതിന് ആക്കം കൂട്ടുംവിധം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ തന്നെ കളിയാക്കുംവിധത്തിൽ മറ്റൊരു കാർട്ടൂണും ഗോപീകൃഷ്ണന്റേതായി തന്നെ പത്രത്തിന്റെ ഒന്നാം പേജ് കാർട്ടൂണായും ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ടു കാർട്ടൂണുകൾ ഒരേ ദിവസം നൽകിയതോടെ ഇപ്പോൾ മാതൃഭൂമി ബിജെപി അനുകൂല പത്രമായി മാറുന്നുവെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ സജീവമാകുന്നത്.

നോട്ട് നിരോധനത്തിൽ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ എം ടി വാസുദേവൻ നായർക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. എംടിക്കെതിരെയുള്ള സംഘപരിവാർ ആക്രമണത്തിന് പ്രതിരോധവുമായി ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. നോട്ട് നിരോധന വിഷയത്തിൽ പ്രതികരിക്കുന്ന എംടി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന പരിഹാസമുയർത്തിയാണ് സൺഡേ സ്ട്രാക്‌സിലെ കാർട്ടൂൺ.

ഗോപീകൃഷ്ണന്റെ സ്ഥിരം കാർട്ടൂൺ കോളമായ സൺഡേ സ്‌ട്രോക്കിൽ എംടിയെ നിലപാടുകളിൽ ഇരട്ടത്താപ്പുള്ള വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നതാണ് ഇതോടെ ചർച്ചയാകുന്നത്. എംടി മോദി വിരുദ്ധ നിലപാട് സ്വീകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ബിജെപി വിമർശനവുമായി എത്തിയത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നൊന്നായി നടക്കുമ്പോഴും എംടി മിണ്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാർട്ടൂൺ രചന.

എംടി ഇരിക്കുന്ന വീട്ടിലെ മതിൽക്കെട്ടിനപ്പുറത്ത് ഒരാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതും കൊച്ചുകുട്ടി നിലവിളിക്കുന്നതും കാർട്ടൂണിലെ ആദ്യ ചിത്രത്തിൽ കാണാം. കസേരയിൽ സങ്കടപ്പെട്ട് കരയുന്ന എംടിയെയും കാണാം. എംടിയുടെ ആകുലതയും കണ്ണീരും കൊലപാതക രാഷ്ട്രീയത്തിൽ അല്ല കയ്യിലുള്ള 2000 രൂപാ നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെയാണെന്ന് അടുത്ത ചിത്രത്തിൽ വിശദീകരിക്കുന്നു.

നോട്ട് ക്ഷാമം മൂലം തുഞ്ചൻ സാഹിത്യോൽസവം നടത്താനാകുമോ എന്ന് ആശങ്കയണ്ടെന്ന എംടിയുടെ പ്രസ്താവന ആധാരമാക്കിയാണ് കാർട്ടൂൺ എങ്കിലും ഇത് ഒരേ സമയം സിപിഎമ്മിനേയും ഇടതുപക്ഷത്തോട് ചേർന്നുനിന്ന് എംടിയേയും വിമർശിക്കുന്നതിന് മനപ്പൂർവം നൽകിയതാണെന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എംടി വിഷയത്തിൽ ആരോപണങ്ങളും മറ്റും ഒഴിഞ്ഞ ശേഷം ഇത് കാർട്ടൂണിന് വിഷയമാക്കിയതിനെ ചോദ്യം ചെയ്താണ് വിമർശനങ്ങളേറെയും. മനപ്പൂർവം എംടിയേയും അതിലൂടെ സിപിഎമ്മിനേയും കരിവാരിത്തേക്കാനാണ് ഈ വിഷയം മാതൃഭൂമി കാർട്ടൂണിനായി തിരഞ്ഞെടുത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.

ഒന്നാം പേജിൽ നൽകിയ കാർട്ടൂണിലും പത്രത്തിന്റെ സിപിഐ(എം) വിരുദ്ധത തന്നെയാണ് വിമർശകർ കാണുന്നത്. ലോ അക്കാഡമി വിഷയത്തിൽ സിപിഐ(എം) ലക്ഷ്മി നായരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായി നിൽക്കുകയും വിഷയത്തിൽ ബിജെപി ശക്തമായി സമരമുഖത്ത് നിന്നുകൊണ്ട് സർക്കാരിന് തലവേദന സൃഷ്ടിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ് കോടിയേരിയും ലക്ഷ്മിനായരും കഥാപാത്രങ്ങളായി കാർട്ടൂൺ നൽകിയിട്ടുള്ളത്.

എസ്എഫ്‌ഐ എന്ന കത്തി കാട്ടി ദേഷ്യപ്പെട്ട് കുത്താൻ വരുന്ന കോടിയേരിയെ കണ്ട് ലക്ഷ്മി നായർ ഭയന്നു നിൽക്കുന്നതാണ് ആദ്യ ഫ്രെയിം. എന്നാൽ രണ്ടാം ഫ്രെയ്മിൽ ലോ അക്കാഡമിയെന്ന ചിക്കൻ കയ്യിൽ പിടിച്ചു നിൽക്കുന്ന സെലിബ്രിറ്റി ഷെഫ് കൂടിയായ ലക്ഷ്മി നായർക്ക് വേണ്ടി കയ്യിൽ കൊണ്ടുവന്ന കത്തികൊണ്ട് ഉള്ളിമുറിച്ചു കൊടുക്കുന്ന കോടിയേരിയെയാണ് ചിത്രീകരിക്കുന്നത്. ലോ അക്കാഡമി വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പ് മനോഹരമായി ചിത്രീകരിച്ച കാർട്ടൂൺ എന്ന നിലയിൽ ഈ കാർട്ടൂണിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. എന്നാൽ ഇത്തരത്തിൽ രണ്ട് കാർട്ടൂണുകൾ ഒരേദിവസം മാതൃഭൂമി നൽകിയത് മനപ്പൂർവമാണെന്നും സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവം ചെയ്തതാണെന്നും വിമർശിച്ചും നിരവധി പേർ രംഗത്തുണ്ട്.

ക്ഷേത്ര പുനരുദ്ധാരണത്തിന് ഇ പി ജയരാജൻ വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങൾ നൽകാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ മാതൃഭൂമി ദിനപത്രത്തിൽ ഗോപികൃഷ്ണൻ വരച്ച കാർട്ടൂൺ നേരത്തെ വിവാദമായിരുന്നു. കുടുംബക്ഷേത്രത്തിന് വേണ്ടിയാണ് തേക്ക് എന്ന് വ്യാഖ്യാനിക്കുന്ന കാർട്ടൂണുകളാണ് അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഗോപികൃഷ്ണൻ ഖേദം പ്രകടിപ്പിച്ചു.

ഓൺലൈൻ പത്രങ്ങളിൽ വരുന്ന വാർത്ത നോക്കിയാണ് കൂടുതലും വരക്കുന്നതെന്നും കുടുംബ ക്ഷേത്രം എന്നാണ് അതിൽ കണ്ടതെന്നും അങ്ങനെയല്ലാ എങ്കിൽ വാർത്തയിലെ പോലെ കൊടുത്താൽ മതിയായിരുന്നുവെന്നും ഗോപീകൃഷ്ണൻ വിശദീകരിച്ചു. അതൊരു അഴിമതി ആണെന്ന് കാർട്ടൂണിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഖേദപ്രകടനത്തോടൊപ്പം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എംടിക്കെതിരായ കാർട്ടൂണും ചർച്ചയാകുന്നത്.