ആൽബനി: ആൽബനി കൺസ്ട്രക്ഷൻ കമ്പനിയിൽ ആഴ്ചതോറും നടത്തിവരുന്ന ബൈബിൾ പഠനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരൻ കമ്പനി ഉടമസ്ഥനെതിരെ 800000 ഡോളർ നഷ്ടപരിഹാരത്തിന് ലൊ സ്യൂട്ട് ഫയൽ ചെയ്തു. ലിൻ കൗണ്ടി സർക്യൂട്ട് കോടതിയിൽ കഴിഞ്ഞ വാരാന്ത്യമാണ് ജീവനക്കാരൻ റയൻ കോൾമാൻ, കമ്പനി ഉടമസ്ഥൻ ജോയലിനെതിരെ കേസ്സ് ഫയൽ ചെയ്തത്.

മയക്ക് മരുന്ന് വിൽപനക്കാരനായിരുന്നു കമ്പനി ഉടമസ്ഥൻ ജോയൽ. കോടതി ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവെ ജീവിതത്തിന് പരിവർത്തനം ഉണ്ടാകുകയും, ചെയ്ത കുറ്റങ്ങളിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. ജയിൽ വിമോചിതനായ ജോയൽ 2016 ലാണ് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചത്. 2017 കോൾമാനെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് ഉത്തരവാദിയെന്ന് വിശ്വസിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ് ആഴ്ചതോറും സംഘടിപ്പിക്കുന്ന ബൈബിൾ പഠനത്തിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ജോയൽ പറയുന്നു.

ഒരു മണിക്കൂർ പഠനത്തിന് വേതനവും ഇയ്യാൾ ജീവനക്കാർക്ക് നൽകിയിരുന്നു. ആറ് മാസത്തോളം കോൾമാൻ ബൈബിൾ പഠനക്ലാസിൽ പോയിരുന്നുവെങ്കിലും പിന്നീട് പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇതാണ് ഇയ്യാളെ പിരിച്ചുവിടാൻ കാരണം. എന്റെ സ്ഥാപനത്തിൽ എന്തുവേണമെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്ന് ഉടമസ്ഥനും, എന്റെ മതസ്വാന്ത്ര്യത്തിൽ ഇടപെടുന്നു എന്ന ജീവനക്കാരന്റെ തർക്കവുമാണ് ഇപ്പോൾ കോടതിയുടെ മുമ്പിൽ ലൊസ്യൂട്ടായി എത്തിയിരിക്കുന്നത്