മലപ്പുറം: 16കാരനായ പ്രായപൂർത്തിയാവാത്ത മകനെ അയൽവാസിയുടെ ഇരുചക്ര വാഹനവുമായി വീട്ടുസാധനങ്ങൾ വാങ്ങാൻ വിട്ട മാതാവിനെതിരെ പൊലീസ് കേസെടുത്തു. ട്രിപ്പിൾ ലോക്ക് ഡൗൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചെമ്മാട് -പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിനു സമീപം തിങ്കളാഴ്‌ച്ച വൈകിട്ട് 5.30 ഓടെ തിരൂരങ്ങാടി എസ്‌ഐ. പി.എം. രതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയാണ് അതിവേഗതയിൽ ഓടിച്ചു വന്ന ഇരുചക്രവാഹനം തടഞ്ഞു നിർത്തിയത്.

ഹെൽമറ്റ് ധരിച്ചിട്ടില്ല. പ്രായപൂർത്തിയായിട്ടില്ല. അന്വേഷിച്ചപ്പോൾ 16 വയസുള്ളൂ.വീട്ടുസാധനങ്ങൾ വാങ്ങാൻ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും പൊലീസിനോട് പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗണമായി ബന്ധപ്പെട്ട് കടകൾ രണ്ട് മണിക്ക് അടച്ചതറിയാതെ പയ്യൻ കടയന്വേഷിച്ച് പലയിടത്തും പാഞ്ഞു നടക്കുകയാണെന്നു മനസിലായി. തുടർന്ന് പയ്യനുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ മാതാവിന് നിസംഗഭാവം.

'അവൻ ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവൻ മുൻപും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും മാതാവിന്റെ മറുപടി' പയ്യന്റെ പിതാവ് വിദേശത്താണ്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ മാതാവിനെതിരെ മോട്ടോർ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരമുള്ള വകുപ്പു പ്രകാരം കേസെടുത്തു.

3 വർഷം തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് മാതാപിതാക്കൾ ഇത്തരത്തിൽ അലംഭാവം കാട്ടുന്നത് നിരാശാജനകമാണ് തിരൂരങ്ങാടി എസ്‌ഐ. പി.എം രതീഷ് പറഞ്ഞു. ട്രിബിൾ ലോക്ഡോൺ നിലനിൽക്കുന്നതിനാൽ മീൻ പിടിക്കാൻ വേണ്ടി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുട്ടികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.