തിരുവനന്തപുരം: ബജറ്റ് ദിനത്തിൽ നിയമസഭയിൽ അക്രമം കാട്ടിയ പ്രതിപക്ഷ എംഎൽഎമാരെ പൊലീസ് വിഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. ഇതിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കും. നിയമസഭയിൽ നിന്ന് സസ്‌പെന്റ് ചെയ്ത 5 പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാകും കേസ്. ഇപി ജയരാജൻ, വി ശിവൻ കുട്ടി, കെ അജിത്, കെടി ജലീൽ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കെതിരെയാകും കേസ് എടുക്കുക. സ്പീക്കറുടെ വേദിയിലേക്ക് അതിക്രമിച്ചു കയറുകയും വേദി തകർക്കുകയും ചെയ്ത 15 എംഎൽഎമാരെയാണു സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

ഏതാനും ദിവസമായി നിയമസഭയിലെ എട്ടു ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഓരോന്നിലെയും ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. സ്പീക്കറുടെ വേദിയിലേക്കു കയറിയ ഓരോ എംഎൽഎയുടെയും ദൃശ്യവും അവിടെ അക്രമം കാണിച്ചവരുടെ ദൃശ്യവും പൊലീസ് പ്രത്യേകം റെക്കോർഡ് ചെയ്തു. ഇതുപ്രകാരം ഓരോ വ്യക്തിയും ചെയ്ത കുറ്റവും പ്രത്യേക മഹസറാക്കി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി. സുരേഷ് കുമാറിന്റെ സംഘമാണു കേസ് അന്വേഷിക്കുന്നത്. ചീഫ് മാർഷൽ അൻവിൻ ആന്റണി അടക്കം പല വാച്ച് ആൻഡ് വാർഡ് അംഗങ്ങളും അക്രമം കാണിച്ച എംഎൽഎമാരുടെ പേരുകൾ മൊഴിയിൽ നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ പരിശോധന നടത്തിയത്.

എംഎൽഎമാർ സ്പീക്കറെ തടഞ്ഞോ എന്നതു സംബന്ധിച്ച അന്വേഷണം എങ്ങനെയെന്നു പൊലീസിനു വ്യക്തതയില്ല. സ്പീക്കറെ തടഞ്ഞതായി വന്നാൽ ബജറ്റ് അവതരണം വൈകിയെന്ന ആക്ഷേപം വരും. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയേക്കും. പൊലീസ് ആവശ്യപ്പെട്ട എംഎൽഎമാരുടെ ഹാജർ ബുക്ക്, അന്നു ജോലിചെയ്ത ജീവനക്കാരുടെ വിവരം, ഗ്യാലറിയിലുണ്ടായിരുന്നവരുടെ പേരുകൾ എന്നിവ അധികൃതർ ഇതുവരെ നൽകിയില്ല. സഭ സമ്മേളിക്കുന്നതിനാൽ അതു കഴിഞ്ഞു ഹാജർ ബുക്ക് അടക്കം നൽകാമെന്നാണ് അധികൃതരുടെ നിലപാട്.

ഇതിനിടെ, സഭയ്ക്കുള്ളിലും പുറത്തും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്ന ഇ.എസ്. ബിജിമോൾ എംഎൽഎയുടെ പരാതിയിൽ ആരോപണ വിധേയർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപിക്കു നിയമോപദേശം ലഭിച്ചു. മന്ത്രി ഷിബു ബേബിജോൺ, എം.എ. വാഹിദ് എംഎൽഎ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു എന്നിവർക്കെതിരായാണു ബിജിമോൾ ഡിജിപിക്കു പരാതി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

ജമീലാ പ്രകാശത്തിന്റെ പരാതിയിൽ കെ ശിവദാസൻ നായർക്ക് എതിരേയും കേസ് വരാനാണ് സാധ്യത. ഇതു സംബന്ധിച്ച പരാതി ഇന്ന് പൊലീസിന് ഇടതു പക്ഷ വനിതാ എംഎൽഎമാർ കൈമാറും.ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി നാളെ പ്രതിപക്ഷം ഗവർണറെയും കാണും. ഇതോടെ സഭാ സമ്മേളനം നാളെയും കലുഷിതമാകാൻ സാധ്യതയായി. വനിതാ എംഎൽഎമാരുടെ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറണമെന്നു വി. ശിവൻകുട്ടി എംഎൽഎ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു.

അതിനിടെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം സ്ത്രീ പീഡന പരാതിയിൽ കേസെടുത്തില്ലെങ്കിൽ അതു സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസ് എടുക്കേണ്ടിവരുമെന്നും ജില്ലാ ഗവ. പ്‌ളീഡറുടെ നിയമോപദേശത്തിൽ മുന്നറിയിപ്പു നൽകി. തുടർന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം കൂടി തേടിയിരിക്കുകയാണു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. അതു ലഭിച്ചശേഷം ഉചിത നടപടി സ്വീകരിക്കുമെന്നു ഡിജിപി വ്യക്തമാക്കി.

ലൈംഗികാതിക്രമങ്ങളെക്കുറിച്ചു സ്ത്രീകൾ പരാതി നൽകിയാൽ അപ്പോൾത്തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണു ക്രിമിനൽ നടപടിച്ചട്ടം അനുശാസിക്കുന്നതെന്നു ജില്ലാ ഗവ. പ്‌ളീഡർ എ. സന്തോഷ് കുമാറിന്റെ നിയമോപദേശത്തിൽ പറയുന്നു. ഗവർണർ പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ, ഭരണഘടനാ ബെഞ്ച് യുപി സർക്കാരും ലളിതകുമാരിയും തമ്മിലെ കേസിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണു മൂന്നു പേർക്കുമെതിരെ കേസ് എടുക്കാമെന്നു വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിക്കാം. കേസ് എടുത്താലും അറസ്റ്റ് നിർബന്ധമല്ല. കേസിന്റെ തുടർനടപടി സ്പീക്കറെ അറിയിച്ചശേഷം തുടരാമെന്നും നിയമോപദേശത്തിൽ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, മാനഹാനി എന്നീ കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണു ബിജിമോളുടെ ആവശ്യം. കോഴിക്കോട്ട് അബുവും കഴക്കൂട്ടത്തു വാഹിദും പ്രസംഗിച്ച കാര്യങ്ങളും നിയമസഭയിൽ ബജറ്റ് ദിനത്തിൽ മന്ത്രി ഷിബു ബേബിജോൺ തടഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു പരാതിയിൽ.