കോട്ടയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി അഭിഭാഷകനായ ബി.എ. ആളൂരിന്റെ ചുമതലയിലുള്ള ഐഡിയൽ ക്രിയേഷൻസ് നിർമ്മിക്കുന്ന 'അവാസ്തവം' എന്ന സിനിമക്കെതിരേ കേസ്. പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് കേസ് നൽകിയിരിക്കുന്നത്. കേസിൽ സംവിധായകൻ സലീം ഇന്ത്യയാണ് എതിർ കക്ഷി. . എറണാകുളം മുൻസിഫ് കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആളൂരിന്റെ കഥയിൽ തിരക്കഥയൊരുക്കി സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന നടൻ ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും ദിലീപ് വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്നും സലിം ഇന്ത്യ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.ഐഡിയൽ ക്രിയേഷൻസിന്റെ ബാനറിൽ 10 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരേ കേസ് വന്നിരിക്കുന്നത്.