ലക്നോ: തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയ്‌ക്കെതിരെ കേസ്. പ്രദേശത്ത് പുതുതായി പണിത റോഡിന് സ്വന്തം പേരിട്ട ശിലാഫലകം സ്ഥാപിച്ചതിനാണ് സുരേഷ് റാണയ്ക്കെതിരെ കേസ് എടുത്തത്. യുപിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം റാണയ്ക്കെതിരെ എടുക്കുന്ന മൂന്നാമത്തെ കേസാണിത്.

യുപിയിൽ അധികാരം കിട്ടിയാൽ മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഗോഹർപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇപ്പോൾ കേസ്.

അധികാരത്തിലെത്തിയാൽ ഖൈരാനയിലും ദയൂബന്ദിലും മൊറാദാബാദിലും കർഫ്യൂ പ്രഖ്യാപിക്കും എന്നു പ്രഖ്യപിച്ചതിനായിരുന്നു കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ശ്യാംലി ജില്ലയിലെ താന ഭവനിലെ ബിജെപി ബൂത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് റാണയുടെ പരാമർശം. നേരത്തെ മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബിജെപി നേതാവാണ് റാണ.

മുൻകൂർ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് യോഗം നടത്തിയതിനായിരുന്നു റാണയ്ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. ഉത്തർപ്രദേശ് ബിജെപി ഉപാധ്യക്ഷനാണ് റാണ.