- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കോടതി കേസ് എടുത്തത് നിയമവിരുദ്ധമായി തടഞ്ഞുവച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും; കുറ്റം തെളിഞ്ഞാലും പിഴ അടച്ചു വേണമെങ്കിൽ രക്ഷപ്പെടാം; സ്പീക്കർ ഇടഞ്ഞാൽ ഭരണഘടനാ പ്രശ്നമാകും
തിരുവനന്തപുരം: ഇക്കഴിഞ്ഞ ബജറ്റ് അവതരണ ദിനത്തിൽ കേരളം കണ്ടത് ഇന്നുവരെ നിയമസഭയിൽ അരങ്ങേറിയിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ്. നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇപ്പോഴിതാ നാലു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ് എടുത്ത സംഭവത്തിൽ വരെ എത്തിനിൽക്കുന്നു. നിയമവിരുദ്ധമായി തടഞ്ഞുവച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് എംഎൽ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ബജറ്റ് അവതരണ ദിനത്തിൽ കേരളം കണ്ടത് ഇന്നുവരെ നിയമസഭയിൽ അരങ്ങേറിയിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ്. നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇപ്പോഴിതാ നാലു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ് എടുത്ത സംഭവത്തിൽ വരെ എത്തിനിൽക്കുന്നു. നിയമവിരുദ്ധമായി തടഞ്ഞുവച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് എംഎൽഎമാരായ എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, എ ടി ജോർജ്, കെ ശിവദാസൻ നായർ എന്നിവർക്കെതിരെ കേസെടുത്തത്.
കെ.കെ.ലതിക, ജമീല പ്രകാശം എന്നീ എംഎൽഎമാരുടെ പരാതിയെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. അടുത്ത വർഷം ഏപ്രിൽ 20ന് നാല് എംഎൽഎമാരോടും നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മനഃപൂർവം തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഭംഗ ശ്രമം തുടങ്ങിയവയാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 341എ ,354 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഈ വകുപ്പുകൾ അനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ടാൽ എംഎൽഎമാർക്ക് ജയിൽ വാസമോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. സ്ത്രീകളുടെ ചാരിത്ര്യത്തിന് ഭംഗം വരുന്ന രീതിയിലുള്ള ആക്രമണണോ ബലാത്കാരമോ നടത്തുന്ന വ്യക്തിക്കെതിരായാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നത്.
സ്പീക്കറോടും കേരളാ ഗവർണറോടും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ എംഎൽഎമാർ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കാൻ ഇവർ കൂട്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ വനിതാ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ എംഎൽഎമാർ കോടതിയെയും സമീപിച്ചു. ഇതിന്റെ തുടർച്ചയായാണു കേസെടുക്കാനുള്ള നടപടി കോടതി കൈക്കൊണ്ടത്.
ഇക്കാര്യം ഇനി ഒട്ടേറെ നിയമപോരാട്ടത്തിനും സംവാദങ്ങൾക്കും വഴിവയ്ക്കുമെന്നത് തീർച്ചയാണ്. ക്രിമിനൽ സംഭവങ്ങൾ നിയമസഭയിൽ നടക്കുന്നതായാലും കോടതിക്ക് ഇടപെടാൻ അവകാശമുണ്ട്. കോടതിയാണ് വിചാരണ ചെയ്യേണ്ടതും. സഭയിൽ അംഗങ്ങളുടെ സംസാരത്തിന് മാത്രമേ സംരക്ഷണമുള്ളൂ. അംഗങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും സാമാജികനെന്ന നിലയിലുള്ള കടമ നിറവേറ്റുന്നതിനാണ് അഭിപ്രായ പ്രകടനത്തിന് പരിരക്ഷ നൽകിയിട്ടുള്ളത്. സഭയിൽ പറയുന്ന കാര്യങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല. എന്നാൽ സഭയിൽ അടിപിടിയോ, അതിക്രമമോ നടന്നാൽ കോടതിക്ക് ഇടപെടാനാകും. ഈ സാഹചര്യം കണക്കിലെടുത്താണ് വനിതാ എംഎൽഎമാർ കോടതിയെ സമീപിച്ചതും ഇക്കാര്യത്തിൽ കോടതി നടപടി വരുന്നതും.
നിയമസഭയിലെ അന്നത്തെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. രണ്ടു വിഭാഗവും രണ്ടുതരം ദൃശ്യങ്ങൾ ഹാജരാക്കുമ്പോൾ സഭയിലെ ഔദ്യോഗിക ദൃശ്യം കോടതിക്ക് പരിശോധിക്കേണ്ടി വരും. അത് സ്പീക്കർ കോടതിക്ക് നൽകുമോ എന്ന കാര്യവും ചർച്ചയാകും. ടി.എം.ജേക്കബിന്റെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭ രേഖപ്പെടുത്തിയ വീഡിയോ കോടതി ആവശ്യപ്പെട്ടിട്ടും സ്പീക്കർ നൽകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
സാക്ഷികളായി നിയമസഭാ സെക്രട്ടറിയെയും ജീവനക്കാരെയും കോടതിക്ക് വിസ്തരിക്കേണ്ട സാഹചര്യവും ഉണ്ടാകും. സെക്രട്ടറി കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് സ്പീക്കർ തീരുമാനിച്ചാൽ വലിയ നിയമപ്രശ്‌നത്തിലേക്ക് മാറാനും സാധ്യതയുണ്ട്. സഭയും കോടതിയും തമ്മിലുള്ള വലിയ തർക്കത്തിനും അതു വഴിവച്ചേക്കും. ബഡ്ജറ്റ് ദിവസം സ്പീക്കറുടെ ഡയസ് തകർക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിൽ സഭാ സെക്രട്ടറിയുടെ പരാതിയിന്മേലുള്ള കേസുമുണ്ട്. അത് ഇനി തുടരേണ്ടതില്ല എന്ന നിലപാടിലാണ് സ്പീക്കർ. സഭയിൽ വനിതാ അംഗങ്ങൾക്കെതിരെ ലൈംഗിക സ്വഭാവത്തിലുള്ള അതിക്രമം ഉണ്ടായിട്ടില്ല എന്നാണ് സഭാ സെക്രട്ടേറിയറ്റ് പറയുന്നത്.
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയെ തടയാൻ ശ്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി എംഎൽഎമാർ നേരിട്ടതാണ് കൈയാങ്കളി മുതൽ കടപിടി വരെ കാര്യങ്ങൾ എത്തിച്ചത്.