- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലമലക്കാടുകളിൽ നിന്നു തടിവെട്ടി മുറിച്ചു കടത്തിയ കേസ്: സിപിഐ നേതാവടക്കം മൂന്നു പേർക്കെതിരെ കേസ്
കട്ടപ്പന: ഏലമലക്കാടുകളിൽ(സി.എച്ച്.ആർ) നിന്നു മുറിച്ച് കടത്തി കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരുന്ന തടികൾ പിടികൂടിയ സംഭവത്തിൽ സിപിഐ. നേതാവ് അടക്കം മൂന്നു പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. സ്ഥല ഉടമ കിഴക്കേമാട്ടുക്കട്ട പടുക സ്വദേശി മോഹനൻ, മരം വെട്ടിയ കിഴക്കേമാട്ടുക്കട്ട സ്വദേശി സുധീഷ്, മരത്തടികൾ വാങ്ങിയ സിപിഐ. കട്ടപ്പന മണ്ഡലം സെക്രട്ടറിയും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശി എന്നിവർക്കെതിരെയാണ് കേസ്. മരം മുറിച്ച തൊഴിലാളികളെയും ആയുധങ്ങളും തടികൾ കടത്താനുപയോഗിച്ച വാഹനവും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 13നാണ് അഞ്ച് മെട്രിക് ടൺ തടി സെക്ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചോരക്കാലി ഉൾപ്പെടെയുള്ള വന്മരങ്ങൾ മുറിച്ച് കഷണങ്ങളാക്കി രണ്ടാഴ്ചയിലധികമായി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. തടികൾക്ക് സത അടിച്ചശേഷം കാഞ്ചിയാറിലെ അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ കുമളി റേഞ്ച് പരിധിയിലുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന വിവരത്തെ തുടർന്ന് കേസ് കുമളിക്ക് കൈമാറി. തുടർന്ന് ചെല്ലാർകോവിൽ ഫോറസ്റ്റ് സെക്ഷൻ അധികൃതർ നടത്തിയ അന്വേഷണത്തിൽ മോഹനന്റെ പട്ടയമില്ലാത്ത കൈവശഭൂമിയിൽ മരക്കുറ്റികൾ കണ്ടെത്തി. ചോരക്കാലിയുടെ 3 കുറ്റികളും കാട്ടുപത്രി, നാങ്ക് എന്നിവയുടെ ഓരോ കുറ്റികളുമാണ് കണ്ടെത്തിയത്. നാങ്കിന്റെ ഒരുഭാഗവും ഇവിടെ നിന്നു കണ്ടെടുത്തു.