മൂന്നാർ: സിപിഎം എംഎൽഎ എസ്. രാജേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ഓഫീസ് കയ്യേറിയതിന് എതിരെയാണ് കേസ് എടുത്തത്. ദേവികുളം തഹസീൽദാർക്കും എതിരെ കേസെടുക്കും. അധിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. എംഎൽഎ ഒന്നാം പ്രതിയും തഹസിൽദാരെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന അമ്പതോളം പേർക്ക് എതിരെയും കേസെടുക്കും.

മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ഓഫീസ് എസ് രാജേന്ദ്രൻ എംഎൽഎയും സംഘവും കയ്യേറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദേവികുളം സബ്കളക്ടർ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നലെയാണ് നടപടി. ഓഫീസ് കയ്യേറാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മൂന്നാർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുകയാണ് ചെയ്തതെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.

മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ഓഫീസ് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ തേടിയശേഷമാണ് ദേവികുളം സബ്കളക്ടർ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. ട്രിബ്യൂണൽ കെട്ടിടം വിട്ടുകൊടുക്കാൻ ആഭ്യന്തര വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും എംഎൽഎയും സംഘവും ബലമായി കെട്ടിടം ഒഴിപ്പിക്കുകയായിരുന്നെന്നും ജീവനക്കാർ മൊഴി നൽകിയെന്നാണ് സൂചന.

കഴിഞ്ഞ മാസം മലയിടിച്ചിലിൽ തകർന്ന മൂന്നാർ സർക്കാർ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്‌പെഷ്യൽ ട്രിബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണു എംഎൽഎയും സംഘവും എത്തിയത്. ദേവികുളം തഹസിൽദാർ പി.കെ. ഷാജി, സിപിഎം പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണു ചൊവ്വാഴ്ച അക്രമം നടത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു എംഎൽ എയും തഹസിൽദാറും സിപിഎം പ്രവർത്തകരും ഉൾപ്പെടെ 50 പേരടങ്ങളുന്ന സംഘം മൂന്നാർ ഗവ. എൻജിനീയറിങ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണലിൽ എത്തിയത്. കുറച്ചു വിദ്യാർത്ഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്നു കെട്ടിടം തകർന്നതിനാൽ ഒരു മാസമായി മൂന്നാർ ഗവ. കോളജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രിബ്യൂണൽ കെട്ടിടം കോളജിന് വേണ്ടി താൽക്കാലികമായി വിട്ടു നൽകണണെന്നാവശ്യപ്പെട്ടാണു എംഎൽഎയും സംഘവും ആക്രമണം നടത്തിയത്. കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, നിരത്തിയിട്ട ശേഷം വിദ്യാർത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അദ്ധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു.ജീവനക്കാർ ഇത് ചോദ്യം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഉരുൾപൊട്ടലിൽ മൂന്നാർ ഗൺമെന്റ് കോളേജ് തകർന്നതോടെ ഒരു മാസമായി അധ്യയനം നടക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം തെരുവിൽ പഠനം നടത്തി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് പഠനത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുകയായിരുന്നെന്നും മറിച്ചുള്ള വാദങ്ങൾ അവാസ്തവമാണെന്നും എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു.

മൂന്നാറിലെയും സമീപത്തെ എട്ട് വില്ലേജുകളിലെയും ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2011ൽ ആരംഭിച്ച പ്രത്യേക ട്രിബ്യൂണലിന്റെ പ്രവർത്തനം രണ്ട് മാസം മുമ്പ് സർക്കാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ കേസുകളുടെ ഫയലുകൾ ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. പൊലീസിൽ പരാതി നൽകിയെന്നും കയ്യേറ്റത്തിനിടെ ഓഫീസിൽ നിന്ന് ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ട്രിബ്യൂണൽ ജീവനക്കാർ അറിയിച്ചു.