- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകരെ വഞ്ചിച്ച് കോട്ടയം ഡയനോവ ലാബ്; നിലയ്ക്കൽ ബേസ് ക്യാമ്പിൽ അനുമതിയില്ലാതെ ആർടിപിസിആർ പരിശോധന നടത്താനെന്ന പേരിൽ ഭക്തരിൽ നിന്നും വാങ്ങിയത് 2200 രൂപ വീതം; മൂന്ന് ജീവനക്കാർ അറസ്റ്റിൽ
കോട്ടയം: പന്തളം നിലയ്ക്കലിൽ അനുമതി ഇല്ലാതെ കോവിഡ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ കേസെടുത്തു. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസ്. ശബരിമല ദർശനത്തിനെത്തിയ 120 പേരുടെ കൈയിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്താനെന്ന പേരിൽ 2200 രൂപ വീതം ലാബ് ജീവനക്കാർ വാങ്ങി. നിലയ്ക്കലിൽ ആർക്കും ആർടിപിസിആർ പരിശോധന നടത്താൻ അനുമതി ഉണ്ടായിരുന്നില്ല.
ശബരിമല തീർത്ഥാടകർക്ക് ആന്റിജൻ ടെസ്റ്റിനായി ലാബ് സൗകര്യം ഒരുക്കിയിട്ടുള്ളത് നിലയ്ക്കൽ ബേസ് ക്യാമ്പിലാണ്. ഇവിടെ ആറ് സ്വകാര്യ ലാബുകളും ഒരു സർക്കാർ ലാബുമാണ് ഉള്ളത്. സ്വകാര്യ ലാബുകളിൽ ഒന്ന് മാത്രമാണ് ദേവസ്വം ബോർഡിന്റെ അനുമതിയോടെ പ്രവർത്തിക്കുന്നത്. മറ്റ് ലാബുകൾ പത്തനംതിട്ട ജില്ലാ കളക്ടറുടെ താത്പര്യപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും ആക്ഷേപമുണ്ട്.
ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ, കച്ചവടക്കാർ, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർ എന്നിവർക്ക് നിർബന്ധമാക്കിയിരുന്നു. നിലയ്ക്കൽ ബേസ് ക്യാമ്പിലാണ് കോവിഡ് ടെസ്റ്റിനുള്ള വിസ്ക് (വാക്കിങ് സ്ക്രീനിങ് കിയോസ്ക്) സൗകര്യം ഒരുക്കിയിരുന്നത്. തീർത്ഥാടകർക്ക് ആന്റിജൻ പരിശോധനയാണ് വിസ്കുകളിൽ നടത്തുന്നത്. 20 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും. സർക്കാർ വിസ്കിൽ രാത്രി 12 മുതൽ പുലർച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ച് വരെയുമാണ് പരിശോധനാ സമയം. 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്ക് നിരക്ക്.
ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർക്ക് സർക്കാർ വിസ്കിൽ കോവിഡ് പരിശോധന സൗജന്യമാണ്. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ അവരെ പ്രാഥമിക ചികിത്സ നൽകി പെരുനാട് കാർമൽ സിഎഫ്എൽടിസിയിലേക്കോ, ഹോം ഐസൊലേഷൻ താത്പര്യപ്പെടുന്ന പക്ഷം അവരെ സ്വന്തം വീടുകളിലേക്ക് മടക്കി അയയ്ക്കുകയുമാണ് പതിവ്.
മറുനാടന് ഡെസ്ക്