സിനിമാ ടീസറിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന പരാതിയിൽ നടി ജ്യോതികയ്ക്കും, സംവിധായകൻ ബാലയ്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മേട്ടുപ്പാളയം സ്വദേശി രാജന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്.

ജ്യോതികയുടെ പുതിയ ചിത്രമായ 'നാച്ചിയാറാണ് വിവാദത്തിൽ ഇടംപിടിച്ചിരിക്കുന്നത്. സംവിധായകൻ ബാലയ്ക്കും ജ്യോതികയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മേട്ടുപ്പാളയം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പൊതുസ്ഥലത്ത് അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നതിനെതിരായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസ് 28 ന് പരിഗണിക്കും.

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്.എന്നാൽ നായികയുടെ സംഭാഷണത്തിൽ സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രയോഗമുണ്ടെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന നിരുപദ്രവകരമായ പ്രതികരണങ്ങളുടെ പേരിൽ പോലും സാധാരണക്കാരെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ജ്യോതികയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരോപിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന തമിഴ് ചിത്രമാണ് നാച്ചിയാർ. ബാല സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങവെയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത നാച്ചിയാറിന്റെ ടീസറിലാണ് അശ്ലീല പരാമർശമുള്ള സംഭാഷണം കടന്നുകൂടിയത്. നായികയായ ജ്യോതിക പുരുഷ കഥാപാത്രത്തോട് പറയുന്ന ഒരു വാക്കാണ് വിവാദമായിരിക്കുന്നത്.

സിനിമാ തീയേറ്ററുകളിലും ടിവി ചാനലുകളിലും കാണിക്കുന്ന ടീസറിൽ നിന്ന് ഈ സംഭാഷണം ഒഴിവാക്കിയിരുന്നു. എന്നാൽ യൂട്യൂബിൽ റിലീസ് ചെയ്ത ടീസറിലാണ് അബദ്ധം സംഭവിച്ചത്. തീയേറ്ററുകളിലും ചാനലുകളിലും സംപ്രേഷണം ചെയ്യുന്ന ടീസറുകൾ സെൻസർ ബോർഡ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ ടീസറുകൾ സെൻസർ ബോർഡിന് മുൻപിൽ എത്താറില്ല.

ടീസറിലെ ജോയുടെ വാക്കുകൾ തമിഴ് പ്രേക്ഷകർക്കും അത്ര പിടിച്ചിരുന്നില്ല ജ്യോതിക അങ്ങനെ പറയരുതായിരുന്നെന്നും വിമർശനം ഉയരുന്നുണ്ട്. കൂടാതെ നടിക്കെതിരെ നിരവധി ട്രോളുകളും പുറത്ത് വരുന്നുണ്ട്.