- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.കെ.ജാനുവിന് സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കൽപ്പറ്റയിൽ മത്സരിക്കാൻ 50 ലക്ഷം കോഴ നൽകിയെന്ന് പരാതി; ഹർജി നൽകിയത് യൂത്ത് ലീഗ് നേതാവ് പി.കെ.നവാസ്
കൽപ്പറ്റ: സികെ ജാനുവിന് കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി കെ നവാസ് നൽകിയ ഹർജിയിലാണ് കൽപ്പറ്റ കോടതി ഉത്തരവിട്ടത്.
സ്ഥാനാർത്ഥിയാകാൻ അമ്പത് ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു പരാതി. ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.
മഞ്ചേശ്വരത്ത് അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ സുരേന്ദ്രന് എതിരെ കേസുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്നാണ് കേസ്. പത്രിക പിൻവലിക്കാനായി കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞിരുന്നു
സുരേന്ദ്രനെതിരെ പ്രസീതയുടെ ആരോപണങ്ങൾ
മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിലാണ് സുരേന്ദ്രൻ ജാനുവിന് പണം കൈമാറിയത്. സെക്രട്ടറി ദിപിനൊപ്പമാണ് സുരേന്ദ്രൻ പണവുമായി എത്തിയത്. ഇവർ വരുന്ന കാര്യവും ഹോട്ടലിൽ എത്തിയെന്നും അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹോട്ടലിലേക്ക് ജാനു വരുന്നതുവരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയശേഷമാണ് പിറ്റേന്ന് കാലത്ത് കാണാമെന്നു പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ തിരക്കി.
ഏതു സമയത്ത് കാണാൻ സാധിക്കുമെന്നും ചോദിച്ചു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാമെന്ന് മറുപടി നൽകി. രാവിലെ 9.56നാണ് തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണിൽനിന്ന് കോൾ വന്നത്. ചാർജ് ചെയ്യാൻ വച്ച ഫോണിൽ സുരേന്ദ്രന്റെ നമ്പറിൽനിന്ന് കോൾ വന്നതോടെ ജാനു ചാടിക്കയറി എടുത്തതായും പ്രസീത പറഞ്ഞു. സുരേന്ദ്രന്റെ സെക്രട്ടറി ആയിരുന്നു വിളിച്ചത്. പിന്നാലെ സുരേന്ദ്രനും സെക്രട്ടറി ദിപിനും മുറിയിലെത്തി. അൽപ്പസമയം സംസാരിച്ചശേഷം രണ്ടു മിനിറ്റ് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ ഞങ്ങൾ പുറത്തിറങ്ങി. ആ മുറിയിലാണ് അവർ തമ്മിൽ സംസാരിച്ചതും പണം കൈമാറിയതും. കൈയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് പണം നൽകിയത്. പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചുവെന്നും പ്രസീത പറഞ്ഞു.
സി.കെ ജാനുവിന് പണം നൽകുന്ന കാര്യം പി.കെ കൃഷ്ണദാസ് അറിയരുതെന്ന് കെ സുരേന്ദ്രൻ നിർദ്ദേശിച്ചിരുന്നതായി ജെ.ആർ.പി ട്രഷററായ പ്രസീത പിന്നീട് ആരോപിച്ചിരുന്നു. ബിജെപിയിലെ ഗ്രൂപ്പ് വഴക്കായിരിക്കാം അതിന് കാരണമെന്നും സി കെ ജാനുവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും എൻ.ഡി.എയിൽ ഇനി തുടരില്ലെന്നും പ്രസീത വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ കെ.സുരേന്ദ്രൻ തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ