- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിയിലെ അർമ ലബോറട്ടറി; രജിസ്റ്ററും ഹാർഡ് ഡിസ്‌കും കണ്ടെടുത്ത പൊലീസ് ലാബ് അടച്ച്പൂട്ടി സീൽചെയ്തു; ഉടമയ്ക്കെതിരെ കേസ്; കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം
ലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബിൽ കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി. വളാഞ്ചേരിയിലെ അർമ ലബോറട്ടറിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചെതെന്ന് ചൂണ്ടിക്കാട്ടിയ ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും കണ്ടെടുത്ത ശേഷം ലാബ് അടച്ച്പൂട്ടി സീൽചെയ്തു. ഉടമയ്ക്കെതിരെ കേസെടുത്തു . കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി.
വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് പ്രവർത്തിക്കുന്ന അർമ ലാബോറട്ടറിയാണ് പൊലീസ് സീൽ ചെയ്തത്. ഈ മാസം 14 ആം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് അർമ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളിൽ നിന്ന് സ്വാബ് സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. മൈക്രോ ഹെൽത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികൾക്ക് റിസൾട്ട് നൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ഫ്രാഞ്ചൈസികളായ ലബോറട്ടറികൾക്ക് റിസൾട്ട് നൽകൂ.
കോവിഡ് പോസിറ്റീവായാൽ നേരിട്ട് ആരോഗ്യ വകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് മാത്രമേ റിസൾട്ട് നൽകൂ. എന്നാൽ അർമ ലബോറട്ടറി ഉടമ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടർന്ന് ഇയാൾ കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിക്കെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതി പിന്നീട് മൈക്രോ ഹെൽത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് അർമ ലാബ് അടച്ച് പൂട്ടി സീൽ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടമയ്ക്കെതിരെ കേസെടുത്തു . ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു.