മലപ്പുറം: ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ച് കരിപ്പൂർ വഴി നാട്ടിലെത്തിയ 25കാരൻ വീട്ടിൽവരാതെ പണവുമായി മുങ്ങി.ഇനി തന്റെ കാര്യത്തിൽ ഇടപെടരുതെന്ന് സഹോദരനോട് വാട്സ്ആപ്പ് കോൾചെയ്യുകയും പിന്നീട് ഫോൺനമ്പർ ഒഴിവാക്കുകയും ചെയ്താണ് ഇയാൾ മുങ്ങിയത്. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിനെ(25)യാണു കാണാതായത്. സംഭവത്തിൽ ദുബായിയിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആൻഡ് മെയന്റനൻസിൽ നിന്നും അഞ്ചു ലക്ഷം ദിർഹവുമായി മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ 17-ാം തിയ്യതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യിൽ തുക ഏൽപിച്ചിരുന്നതെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. അതേ സമയം കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ പ്രവാസി യുവാവ് സഹോദരനെ വാട്‌സ്ആപ്പ് കോൾചെയ്തിരുന്നെങ്കിലും പിന്നീട് ഈ നമ്പറിൽ തിരിച്ചു വിളിച്ചപ്പോൾ കിട്ടുന്നില്ല. വാട്‌സ്ആപ്പും ഒഴിവാക്കി. ഫോൺവിളിച്ച നമ്പറിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.

ആഷിക്കിനെ(25)യാണ് കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം വാഴക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയ ശേഷമാണു സഹോദരനായ റഹ്മത്തുള്ളയെ ആഷിക് നാട്ടിലുള്ള ഒരു നമ്പറിൽനിന്നും വാട്‌സ്ആപ്പ് കോൾ ചെയ്തത്. ഇനി താൻ എന്റെ കാര്യത്തിൽ ഇടപെടേണ്ടെന്നും മറ്റുമാണു പറഞ്ഞതെന്നു റഹ്മത്തുള്ള പറഞ്ഞു.എന്നാൽ കോൾവന്ന നമ്പർ റഹ്മത്തുള്ള ഉടൻ വാഴക്കാട് പൊലീസിന് കൈമാറി. പൊലീസ് ഈ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ നമ്പറിൽ വാട്‌സ്ആപ്പും നിലവിലില്ല. നമ്പർ ഒഴിവക്കിയതായാണ് സംശയിക്കുന്നത്.നാട്ടിലെത്തിയ ആഷിക് മറ്റാരുടേയോ നമ്പറിൽനിന്നു വിളിച്ചതാകുമെന്നാണു ആദ്യം പൊലീസ് സംശയിച്ചിരുന്നതെങ്കിലും നിലവിൽ നമ്പർ ഒഴിക്കുക കൂടി ചെയ്തതോടെ ദുരൂഹത വർധിച്ചിട്ടുണ്ട്.

ദുബായിൽ ജോലിചെയ്യുന്ന ആഷിക് കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പാണ്് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആഷിക് വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണു പരാതിയിൽ പറയുന്നത്. തുടർന്ന് ഒരു സംഘം ആളുകൾ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവർ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ആഷിക് വീട്ടിൽ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തിൽ വീട്ടുകാരോടു സംസാരിച്ചുവെന്നും കവർ തിരിച്ചു നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവർ എത്തിക്കാൻ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

അതോടൊപ്പം ഭാര്യയും മൂന്നുപെൺമക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണിൽ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു.വാട്്‌സ്ആപ്പിൽ വിളിച്ചപ്പോൾ സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയും പെട്ടന്ന് തീർക്കുന്നതാണ് ഉചിതമെന്ന് താൻ പറഞ്ഞുവെ്നനും റഹ്മത്തുള്ള പറഞ്ഞു. മൂന്നാം തവണയാണു ആഷിഖ് ഗൾഫിൽപോയി വരുന്നത്. ആഷിന്റെ മൂന്നു പെൺമക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടിൽ കഴിയുന്നത്. സംഭവത്തിൽ സഹോദരനുമായി ചില സംസാരങ്ങളുണ്ടായതിനെ തുടർന്നു പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസുമായി സംസാരിച്ചു രമ്യതയിൽ പിരിഞ്ഞതുമായി പിന്നീടാണ്് സഹോദരനായ റഹ്മത്തുള്ളയോട് ആഷിഖ് വാട്സ്ആപ്പ് കോളിലൂടെ സംസാരിച്ചത്. എന്നാൽ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ലഭിക്കുന്നില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.