ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാൻ ഡൽഹി തീസ് ഹസാരി കോടതിയുടെ ഉത്തരവ്. സോളാർ തട്ടിപ്പുകേസിലാണു മുഖ്യമന്ത്രിക്കെതിരെ കേസ്.

മുഖ്യമന്ത്രിക്കു ഡൽഹിയിൽ വച്ച് സരിത പണം കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡൽഹിയിലെ നവോദയ പ്രവർത്തകനായ ദിലീപിന്റെ പരാതിയിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.

മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുക എന്ന പ്രത്യേകതയാണ് കേസിനുള്ളത്. ഇതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ചശേഷമാണു കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.

സോളാർ ജുഡീഷ്യൽ കമ്മീഷനിൽ നൽകിയ മൊഴിയിലാണ് മുഖ്യമന്ത്രിക്കു ഡൽഹിയിൽ വച്ചു പണം നൽകിയെന്നു സരിത പറഞ്ഞത്. തോമസ് കുരുവിളയുടെ ഇടനിലയിലായിരുന്നു പണമിടപാട്. വിജ്ഞാൻ ഭവനിൽവച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചാന്ദ്‌നി ചൗക്കിൽ വച്ചു 2012 ഡിസംബർ 27 ന് 1.90 കോടി കൈമാറിയെന്നാണ് സരിത മൊഴി നൽകിയത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകനായ ഷൈനും കോടതിയെ സമീപിച്ചിരുന്നു.

ഇതു സംബന്ധിച്ച് കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നിരുന്നു. പണമിടപാട് നടന്നത് ഡൽഹിയിലാണെന്ന കാരണത്താലാണ് ഡൽഹി കോടതി കേസിൽ ഇടപെട്ടത്.