- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മദർ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരെ കേസ് ; കേസെടുത്തത് ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമപ്രകാരമെന്ന് പൊലീസ്
വഡോദര: നിർബന്ധിച്ച് മതംമാറ്റുന്നുവെന്ന ആരോപണത്തെ തുടർന്ന് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ഇവിടുത്തെ അഗതിമന്ദിരത്തിലെ പെൺകുട്ടികളെ മതം മാറ്റുന്നതായാണ് പൊലീസിന് ലഭിച്ച പരാതി. മദർ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി. ആരോപണം നിഷേധിച്ച് അഗതിമന്ദിരം നടത്തിപ്പുകാർ രംഗത്തെത്തി. മകർപുരയിലെ ചാരിറ്റി മന്ദിരത്തിനെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വർഷം ഓഗസ്റ്റിൽ ദേശീയ ശിശു സംരക്ഷണ സമിതി ചെയർമാൻ അഗതി മന്ദിരത്തിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന് ശേഷം മന്ദിരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ചെയർമാൻ ജില്ലാ കലക്ടർക്ക് കത്തെഴുതി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തുടർന്ന് കളക്ടർ അന്വേഷണ കമ്മിറ്റിയെ നിയമിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് സാമൂഹിക സുരക്ഷ ഓഫിസർ മായങ്ക് ത്രിവേദി പറഞ്ഞു.
യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുണ്ടെന്നും കുരിശ് ധരിക്കാൻ നിർബന്ധിതക്കുകയുമാണെന്നുമാണ് പരാതിയിൽ ആരോപിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മന്ദിരത്തിലെ ലൈബ്രറിയിൽ നിന്ന് ബൈബിളിന്റെ 13 കോപ്പി കണ്ടെത്തിയെന്നും യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നതായി സംശയിക്കുന്നെന്നും ദേശീയ ശിശു സംരക്ഷണ സമിതി ചെയർമാൻ പറഞ്ഞതായി പൊലീസ് പറഞ്ഞു.
യുവതികളെ മറ്റ് മതത്തിലുള്ളവരുമായി ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നതായും പരാതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഒരു പെൺകുട്ടി കളക്ടറുടെ അനുമതിയില്ലാതെ മതം മാറിയെന്നത് വ്യക്തമായിട്ടുണ്ടെന്നും പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ അഗതി മന്ദിരത്തിനെതിരെയുള്ള നിർബന്ധിത മതപരിവർത്തന ആരോപണം സ്ഥാപന മേധാവി സിസ്റ്റർ റോസ് തേരേസ നിഷേധിച്ചു. ബാലവേലയിൽ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ