കൊച്ചി: എസ്ഐ ആനി ശിവയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്. ആനി ശിവയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസിന്റെതാണ് നടപടി. ഐപിസി 509 ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്

പത്തുകൊല്ലം മുൻപ് നാരങ്ങാവെള്ളം വിറ്റുനടന്ന വർക്കലയിൽ എസ്ഐ ആയി എത്തിയതോടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ആനിക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അതിനിടെയായിരുന്നു ആനിയെ അധിക്ഷേപിച്ച് സംഗീത ലക്ഷ്മണ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.ആനി ശിവ സമൂഹത്തിനു പ്രചോദനമാകുന്ന വ്യക്തിത്വമെന്ന് ഏവരും സോഷ്യൽ മീഡിയയിൽ വാഴ്‌ത്തിയപ്പോൾ അതിന് അപവാദമായി അഡ്വ.സംഗീത ലക്ഷ്മണ ആനി ശിവയെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഇടുകയായിരുന്നു. ഹെക്കോടതി അഭിഭാഷകയാണ് സംഗീത.

'വീട്ടുകാരെ ചതിച്ച് കൊണ്ട്, കട്ടകഴപ്പ് മൂത്ത് കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവൾ സ്വന്തം കൈയിലിരിപ്പിന്റെ ദോഷം, വഴിവിട്ട ജീവിതം ജീവിച്ചതുകൊണ്ട് പെരുവഴിയിലായവൾ, ആൺവേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവൾ പിന്നീട് പിഎസ് സി ടെസ്റ്റ് എഴുതി പാസായി എസ്‌ഐ സെലക്ഷൻ നേടുന്നു. എന്നിട്ടവൾ ദാ ഇപ്പോ എന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാനായി ഇവിടെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് എഴുന്നെള്ളുന്നു പോലും ' തുടങ്ങിയ രീതിയിൽ സംഗീത പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.

എന്നാൽ സംഗീത ലക്ഷ്മണയുടെ പോസ്റ്റിന് പിന്നാലെ പോകാൻ തനിക്ക് സമയമില്ലെന്നും അവരുടെ പരാമർശത്തെ അവജ്ഞതയോടെ തന്നെ തള്ളുകയാണെന്നും ആയിരുന്നു ആനിയുടെ പ്രതികരണം. ആനി ശിവ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ''ഇത്രയും കാലവും എന്നെ എല്ലാവരും വിമർശിക്കുകയായിരുന്നു. ആരാണ് പിന്തുണച്ചത്. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്നില്ല. പിന്നെ ഓരോരുത്തർ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും. അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവർ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ താൽപര്യമില്ല. അതിന്റെ ആവശ്യമില്ല. അർഹിക്കുന്ന അവജ്ഞതയോടെ തള്ളുകയാണ്. എനിക്ക് അതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ല. ആവശ്യമില്ലാത്തതിന്റെ പുറകെ പോകാൻ എനിക്ക് സമയമില്ല. എനിക്കെന്റെ മകനുണ്ട്. ജോലിയുണ്ട്. ജീവിതമുണ്ട്. വ്യക്തിപരമായി പരാതി കൊടുക്കാൻ താൽപര്യമില്ല. പക്ഷെ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടാൻ പരാതിയുമായി സഹകരിക്കും.'' കേരളാ പൊലീസിൽ എസ്ഐ പദവിയിലേക്ക് ആനി ശിവ എത്തുന്നത് ജീവിത സാഹചര്യങ്ങളെ നേരിട്ടാണ്. മകൻ പഠിക്കുന്നതുകൊ്ച്ചിയിലായതുകൊണ്ട് ആനി ശിവയ്ക്ക് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം അനുവദിച്ചിരുന്നു.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ വീട്ടുകാരാലും ഭർത്താവിനാലും ഉപേക്ഷിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് തെരുവിലായ പെൺകുട്ടി എന്ന നിലയിൽ നിന്ന് എസ്‌ഐ എന്ന പദവിയിലേക്ക് എത്തിയതിൽ അഭിമാനം കൊള്ളുന്ന ആനി ശിവയുടെ പോസ്റ്റാണ് വൈറലായത്.