തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയ്‌ക്കെതിരേ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇിതിൽ ഗൂഢാലോചനയുണ്ടെന്നും കുമ്മനം ആരോപിക്കുന്നു. ഇക്കാര്യത്തിലും സംസ്ഥാന രാഷ്ട്രീയത്തിലെ സി.പി.എം-കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കുമ്മനം രാജശഖരൻ ആരോപിച്ചു. 

കോൺഗ്രസ്സ് എംഎ‍ൽഎ വി.ഡി.സതീശൻ ആവശ്യപ്പെടുകയും സിപിഎമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസരിക്കുകയും ചെയ്യുന്നതാണ് ശശികല ടീച്ചറിനെതിരെയുള്ള കള്ളക്കേസിൽ കേരളീയർ കാണുന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് പറയാത്ത കാര്യവും,ചെയ്യാത്ത കുറ്റവും ആരോപിച്ച് ടീച്ചറിന്റെ പേരിൽ 153(A) പ്രകാരം കേസ്സെടുത്തിരിക്കുന്നത്. നിയമപരമായി കേസ് നിലനിൽക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും ഹിന്ദു ഐക്യവേദിയുടെ നേതാവിനെതിരെ നടപടിക്കൊരുങ്ങുന്നത് അവരുടെ അംഗീകാരവും അറിഞ്ഞ് വിറളി പിടിച്ചിട്ടാണ്. കുമ്മനം പ്രസ്താവനയിൽ പറഞ്ഞു്.

ശശികല ടീച്ചറിന്റെ പ്രതിച്ഛായയും അവർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ പ്രചാരവും പതിന്മടങ്ങ് വർദ്ധിപ്പിക്കാനെ ഈ രീതിയിലുള്ള ഹീനവും വിലകുറഞ്ഞതുമായ നീക്കങ്ങൾ സഹായിക്കൂ. വിവാദമാക്കാൻ കോൺഗ്രസ്സുകാരും സിപിഎമ്മുകാരും മത്സരിച്ച് ശ്രമിക്കുന്ന ശശികല ടീച്ചറിന്റെ പറവൂർ പ്രസംഗത്തിന്റെ പൂർണ്ണരൂപം ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു തവണ വായിക്കുന്ന ആർക്കും ബോധ്യമാവു ന്നതാണ് അതിൽ പ്രത്യക്ഷമായോ പരോക്ഷമായോ വിവാദ പരാമർശങ്ങൾ യാതൊന്നും ഇല്ലെന്ന്. അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാനായി വാക്കുകളേയും വാചകങ്ങളേയും വളച്ചൊടിക്കുന്നത് സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനേ സഹായിക്കൂ. ഇത്തരം ശ്രമങ്ങൾക്കെതിരെ എല്ലാ സമാധാന പ്രേമികളും ശക്തിയായി പ്രതികരിക്കണമെന്നും കുമ്മനം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു