- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ആദ്യം ചുമത്തിയ കുറ്റം ഒഴിവാക്കി മഥുര കോടതി; നടപടി, സമയ പരിധിക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ; ജാമ്യാപേക്ഷ 22ന് കോടതി പരിഗണിക്കും
ലഖ്നൗ: ജയിൽവാസമനുഭവിക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഉത്തർ പ്രദേശ് പൊലീസ് ആദ്യം ചുമത്തിയ കുറ്റം മഥുര കോടതി ഒഴിവാക്കി. കാപ്പനോടൊപ്പം അറസ്റ്റിലായ അതികുർറഹ്മാൻ, ആലം, മസൂദ് എന്നിവരേയും കോടതി ആദ്യകുറ്റത്തിൽനിന്ന് വിമുക്തരാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
കോടതി നിർദേശിച്ച ആറ് മാസക്കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് സാധ്യമാകാതെ വന്ന സാഹചര്യത്തിലാണ് കാപ്പനേയും ഒപ്പം അറസ്റ്റ് ചെയ്ത മൂന്ന് പേരേയും കോടതി കുറ്റവിമുക്തരാക്കിയത്.
അന്വേഷണനടപടികൾ പൂർത്തീകരിക്കാനുള്ള കാലാവധി അവസാനിച്ചതായും പൊലീസിന് മതിയായ തെളിവുകൾ അടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ സാധിക്കാത്തതിനാലും കേസ് ഒഴിവാക്കുകയാണെന്നും തുടർനടപടികൾ ഉണ്ടാകില്ലെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റാം ദത്ത് റാമിന്റെ ഉത്തരവിൽ പറയുന്നതായി പ്രതിഭാഗം അഭിഭാഷകൻ മധുപൻ ദത്ത് ചതുർവേദി അറിയിച്ചു.
ഹാത്രസിൽ നടന്ന കൂട്ടബലാത്സംഗവും തുടർന്ന് ഇരയായ പെൺകുട്ടിയുടെ മരണവും സംബന്ധിച്ച വിവരം തേടിയുള്ള യാത്രാമധ്യേ ഒക്ടോബർ അഞ്ചിനാണ് കാപ്പനും ഒപ്പമുള്ളവരും മഥുര ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റിലായത്. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു അറസ്റ്റെങ്കിലും പിന്നീട്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാട്ടി രാജ്യദ്രോഹം, യു.എ.പി.എ. ലംഘനം, വിവരാവകാശ നിയമലംഘനം എന്നീ കുറ്റങ്ങൾ കാപ്പന് മേൽ യു.പി. പൊലീസ് ചുമത്തി. ഈ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ട്.
മെയ് അവസാന വാരം സമർപ്പിച്ച കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം 22-ന് കോടതി പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കാപ്പൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ കടുത്ത പീഡനമാണ് കാപ്പന് നേരിടേണ്ടി വന്നത്. ജയിലിൽ കഴിയുന്നതിനിടെ കോവിഡ് ബാധിതനായ കാപ്പന് മഥുരയിലും സുപ്രീം കോടതി നിർദേശപ്രകാരം ഡൽഹി എയിംസിലും ചികിത്സ നൽകിയിരുന്നു. എയിംസിൽ ചികിത്സ പൂർത്തിയാകുന്നതിന് മുമ്പ് കാപ്പനെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മടക്കി കൊണ്ടു പോയതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്