തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്രോഫിനാൻസ് വായ്പ പദ്ധതിയിൽ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലൻസ്. മൈക്രോഫിനാൻസിന്റെ മറവിൽ 15 കോടി രൂപ തട്ടിപ്പ് നടത്തിയതായി വി എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി പരിഗണിക്കവേ വിജിലൻസ് ലീഗൽ അഡൈ്വസറാണ് 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി പറയുന്നത്. പരാതികളിൽ നടത്തിയ രഹസ്യപരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത് എന്നാണ് വിജിലൻസ് അറിയിച്ചത്. വിജിലൻസ് നടത്തിയ രഹസ്യപരിശോധനയുടെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി എൻ.നജീബിനെതിരെ വകുപ്പ് തലനടപടിക്ക് ശുപാർശ ചെയ്തിരുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ അദ്ദേഹം വിരമിച്ചതിനാൽ നടപടി സ്വീകരിച്ചില്ല. അതേസമയം, റിപ്പോർട്ടിൽ മറ്റാരുടേയും പേരുകൾ ഒന്നും തന്നെ പരാമർശിക്കുന്നില്ല, കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വി.എസിന്റെ ഹർജി ഇനി ഈ മാസം 11 ന് പരിഗണിക്കും. 201314 കാലാവധിയിൽ മൈക്രോഫിനാൻസിൽ നടത്തിയ ഇടപാടുകളിൽ പിന്നാക്ക വികസന കോർപറേഷൻ പരിശോധന നടത്തിയിട്ടില്ല. 200315 കാലത്ത് പിന്നാക്ക വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

എസ്.എൻ.ഡി.പിക്ക് കീഴിലുള്ള മൈക്രോ ഫിനാൻസ് പദ്ധതിയിൽ 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്ന് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. രഹസ്യപരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നും കോടതിയെ വിജിലൻസ് അറിയിച്ചു. തുടർന്ന് രഹസ്യ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. മൈക്രോ ഫിനാൻസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. തട്ടിപ്പ് നടന്നകാര്യം സർക്കാരിനെയും അറിയിച്ചിട്ടിണ്ടെന്ന് വിജിലൻസ്, കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 11ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.

അതേസമയം, മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കേസിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 2013-15 കാലത്ത് പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പ എടുത്തെന്നും ഇത് 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തു എന്നാണ് വി.എസിന്റെ ഹർജിയിലെ ആരോപണം. അഞ്ചു ശതമാനം പലിശ മാത്രമെ ഈടാക്കാവു എന്ന് നിയമം ഉള്ളപ്പോഴാണിതെന്നും ഹർജിയിൽ പറയുന്നു.

മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്.എൻ.ഡി.പി യൂണിയന് എതിരെ ആദ്യ എഫ്.ഐ.ആർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പണം വകമാറ്റിചെലവഴിച്ചതിനും പലിശയ്ക്ക് നൽകിയതിനും ആണ് പത്തനംതിട്ട യൂണിയന് എതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2007 മുതൽ 2011 വരെ മൈക്രോഫിനാൻസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കോടതിയിൽ വിജിലൻസിന്റെ നിലപാട് വിശദീകരണം.

നേരത്തെ ഈ കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. വിജിലൻസ് കോടതിയിൽ നൽകുന്ന റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ ഏത് സമയവും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.