- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ഗാന്ധിയുടെ സ്മരണക്കായി ഗവേഷണ കേന്ദ്രം പണിത് കൈയടി നേടിയ ചെന്നിത്തല കരാറുകാരന് ഇതുവരെ പണം കൊടുത്തില്ല; 2.8 കോടിയും പലിശയും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയാക്കി കേസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യുന്നതിനായി കെപിസിസി നേതൃത്വം യോഗം ചേർന്നത് നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സെന്ററിലായിരുന്നു. തോൽവിയെ കുറിച്ച് വിലയിരുത്തി, പരസ്പ്പരം ഗ്രൂപ്പുകളിച്ച് നേതാക്കൾ മടങ്ങുകയും ചെയ്തു. എന്നാൽ തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസുകാർ യോഗം ചേർന്ന കെട്ടിടത്തിന്റെ നിർമ്മാണ കരാറുകാരന് പണം ഇതുവരെ കോൺഗ്രസുകാർ പണം നൽകിയിട്ടില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. കോൺഗ്രസിലെ കോൺഗ്രസുകാർ തമ്മിലുള്ള ഗ്രൂപ്പുകളിയുടെ കൂടി ഭാഗമായ ഈ സംഭവം കാരണം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോടതി കയറേണ്ട അവസ്ഥയിലാണ്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ കെപിസിസി നിർമ്മിച്ച സ്മാരക മന്ദിരമാണ് നെയ്യാർ ഡാമിലേത്. ഈ കെട്ടിടമാണ് സോണിയയ്ക്ക് തലവേദനയായിരിക്കുന്നത്. സ്മാരക നിർമ്മാണം പൂർത്തിയായി മൂന്നുവർഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ കരാറുകാരായ ഹീതർ കൺസ്ട്രക്ഷൻസ് സോണിയയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചിരിക്കയാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യുന്നതിനായി കെപിസിസി നേതൃത്വം യോഗം ചേർന്നത് നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സെന്ററിലായിരുന്നു. തോൽവിയെ കുറിച്ച് വിലയിരുത്തി, പരസ്പ്പരം ഗ്രൂപ്പുകളിച്ച് നേതാക്കൾ മടങ്ങുകയും ചെയ്തു. എന്നാൽ തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസുകാർ യോഗം ചേർന്ന കെട്ടിടത്തിന്റെ നിർമ്മാണ കരാറുകാരന് പണം ഇതുവരെ കോൺഗ്രസുകാർ പണം നൽകിയിട്ടില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. കോൺഗ്രസിലെ കോൺഗ്രസുകാർ തമ്മിലുള്ള ഗ്രൂപ്പുകളിയുടെ കൂടി ഭാഗമായ ഈ സംഭവം കാരണം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോടതി കയറേണ്ട അവസ്ഥയിലാണ്.
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ കെപിസിസി നിർമ്മിച്ച സ്മാരക മന്ദിരമാണ് നെയ്യാർ ഡാമിലേത്. ഈ കെട്ടിടമാണ് സോണിയയ്ക്ക് തലവേദനയായിരിക്കുന്നത്. സ്മാരക നിർമ്മാണം പൂർത്തിയായി മൂന്നുവർഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ കരാറുകാരായ ഹീതർ കൺസ്ട്രക്ഷൻസ് സോണിയയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചിരിക്കയാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയുടെ കാലത്താണ് പ്രസ്തുത കെടടിടം നിർമ്മിച്ചത്. അന്ന് കൊടുത്തു തീർക്കാത്ത പണത്തിന്റെ പേരിലാണ് കരാറുകാരൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
കെട്ടിടനിർമ്മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേർത്ത് കിട്ടണമെന്നന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയാണ് കേസിലെ ഒന്നാം പ്രതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി. അധ്യക്ഷൻ വി എം. സുധീരൻ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഹിദുർ മുഹമ്മദ് എന്നിവരാണ് മറ്റു പ്രതികൾ. ഹീതർ കൺസ്ട്രക്ഷൻസ് മാനേജിങ് പാർട്ണർ രാജീവാണ് അഡ്വ: നെടുമങ്ങാട് വി.എ. ബാബുരാജ് മുഖേന തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചത്.
ആകെ രണ്ടു കേസുകളാണു നൽകിയിട്ടുള്ളത്. നാഷണൽ ഹെറാൾഡ് കേസിൽ കോടതി കയറിയ സോണിയയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നീക്കം. ഗവേഷണപ്രവർത്തനങ്ങൾക്കായാണു തലസ്ഥാനജില്ലയിലെ നെയ്യാർ ഡാമിൽ കെപിസിസി. വാങ്ങിയ രണ്ടര ഹെക്ടറിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള മികച്ച കെട്ടിടങ്ങളിൽ ഒന്നാണ് ഇത്.
മലേഷ്യയിലെ യൂത്ത് സെന്റർ മാതൃകയിലാണു കെട്ടിടരൂപകൽപന ചെയ്തതും നിർമ്മാണം നടത്തിയതും. 2013 സെപ്റ്റംബറിൽ പ്രധാനകെട്ടിടത്തിന്റെ പണി തീർത്ത് സോണിയാ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ചെന്നിത്തലയായിരുന്നു. വിപുലമായ രീതിയിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും കരാറുകാരന് പണം നൽകിയിരുന്നില്ല. അന്ന് മുതലുള്ള ബിൽ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്. ബില്ലുകൾ പരിശോധിച്ച് ഒരുമാസത്തിനകം പണം കൊടുക്കുന്ന രീതിയാണു കെപിസിസി കൈക്കൊണ്ടിരുന്നത്. എന്നാൽ ഉദ്ഘാടനത്തിനായി ധൃതിയിൽ പണി പൂർത്തിയാക്കാൻ രമേശും ഉമ്മൻ ചാണ്ടിയൂം കരാറുകാരനോടു നിർദേശിച്ചു. ഫണ്ടിനു ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പയെടുത്ത് പ്രധാനകെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചെന്നു പരാതിയിൽ പറയുന്നു. ഡോർമെറ്ററി നിർമ്മാണം പൂർത്തിയായില്ല.
പണി പൂർത്തിയാക്കിയശേഷം 2,80,40,376 രൂപയുടെ ബിൽ കെപിസിസിക്കു നൽകി. (പ്രധാനകെട്ടിടം-1,16,58,806 രൂപ, ഡോർമെറ്ററി-76,85,750 രൂപ, ഇന്റീരിയർ-56,91,470 രൂപ, വൈദ്യുതീകരണം-30,04,356 രൂപ). എന്നിട്ടും പണം പൂർണ്ണമായും നൽകാൻ കെപിസിസി തയ്യാറായില്ല. രമേശ് ചെന്നിത്തല മാറി വി എം സുധീരൻ പാർട്ടിയുടെ അധ്യക്ഷൻ ആയെങ്കിലും പണം നൽകിയില്ല. കെട്ടിടം നിർമ്മാണത്തിന് വേണ്ടി പണം പിരിച്ചിരുന്നെങ്കിലും ഈ പണം എവിടെ പോയെന്ന ചോദ്യം സുധീരൻ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങളേത്തുടർന്ന് മറ്റു നേതാക്കൾ കെട്ടിടം പണിയുടെ ഉത്തരവാദിത്വത്തിൽനിന്നു തലയൂരി. ഇത്രയും ഭീമമായ ചെലവിൽ ഒരു സംരംഭം കെപിസിസിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന നിലപാട് സുധീരനുമെടുത്തതോടെയാണ് കരാറുകാരൻ വെട്ടിലായത്.
കോൺഗ്രസുകാർ ഗ്രൂപ്പു കളിച്ച് ഒഴിഞ്ഞു നിന്നതോടെ കരാറുകാരൻ സോണിയ ഗാന്ധിയെ നേരിൽകണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയുമുണ്ടായി. ഇതേതുടർന്ന് എത്രയും വേഗം കുടിശിക കൊടുത്തുതീർക്കാൻ സോണിയ കെപിസിസിക്കു നിർദ്ദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽനിന്ന് വായ്പയെടുത്ത രണ്ടരക്കോടിയോളം രൂപയ്ക്ക് 13.5% പലിശയുൾപ്പെടെ ലഭിക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം. ദേശീയ തലത്തിൽ കോൺഗ്രസിന് വിനയായ നാഷണൽ ഹെറാൾഡ് കേസിന് പിന്നാലെ കേരളത്തിൽ നിന്നും മറ്റൊരു കേസ് കൂടി ഉയരുന്നതിൽ പാർട്ടി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. കെപിസിസി ഫണ്ടിൽ നിന്നും പണം കൊടുത്ത് എത്രയും വേഗം പ്രശ്‌നം തീർക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

