തിരുവനന്തപുരം: ഏഴു തസ്തിക വേണ്ടിടത്ത് 23 തസ്തിക സൃഷ്ടിച്ച് അഴിമതി നടത്താൻ ശ്രമിച്ച സിഡ്‌കോ നിയമന അഴിമതിക്കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടി ഒ സൂരജിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്.

സിഡ്കോയിലെ അനധികൃത നിയമനവുമായി ബന്ധപെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ടി ഒ സൂരജ്, സിഡ്കോ എംഡി സജി ബഷീർ എന്നിവരുൾപെടെ നാല്പേർക്കെതിരെ എഫ്ഐആർ രജിസ്ററർ ചെയ്ത് കേസെടുക്കാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.

പ്രതികൾക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം ആവശ്യമില്ലന്നും വിജിലൻസ് കോടതി വ്യക്തമാക്കി. ഏഴുപേരെ നിയമിക്കാൻ സർക്കാർ അനുവാദം നൽകിയ സ്ഥാനത്ത് 23 മാനേജർ തസ്തികകൾ ഉണ്ടാക്കി നിയമനം നടത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയെത്തുടർന്നാണു നടപടി.