- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു; സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തി; തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് എം സ്വരാജ്; ഹർജിയിൽ കെ.ബാബു അടക്കമുള്ളവർക്ക് നോട്ടിസ്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ ഫലം ചോദ്യം ചെയ്ത് മുൻ എംഎൽഎ. എം.സ്വരാജ് നൽകിയ ഹരജിയിൽ എതിർ കക്ഷികൾക്കു ഹൈക്കോടതിയുടെ നോട്ടിസ്. കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിച്ച കെ ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം. കഴിഞ്ഞ ജൂൺ 15നാണ് എം.സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നത്.
തിരഞ്ഞെടുപ്പിൽ കെ.ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു. അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു എന്നും ഹർജിക്കാരൻ ആരോപിച്ചു. സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും കൈപ്പത്തി അടയാളവും ഉൾപ്പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
'മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചു. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് യു.ഡി.എഫ്. സ്ഥാനാർത്ഥി വിജയിച്ചത്. അയ്യനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തിൽ ചുമരെഴുത്തുകൾ വരെയുണ്ടായി എന്നാണ് എം.സ്വരാജ് ഹരജിയിൽ പറയുന്നത്.
ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരിൽ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണ്. ഇതാണ് സ്വരാജ് നൽകിയിട്ടുള്ള ഹർജിയുടെ ആധാരം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്വരാജിനെതിരെ 992 വോട്ടുകൾക്കാണ് ബാബു ജയിച്ചത്. നേരത്തേ ശബരിമല വിഷയത്തിൽ സ്വരാജ് നടത്തിയ പ്രസംഗം മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതു കാര്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. വിജയം ഉറച്ചിച്ച മണ്ഡലത്തിൽ സംഭവിച്ച തോൽവിയിൽ ഇടതു മുന്നണിയിലും അസ്വസ്ഥത ഉടലെടുത്തിരുന്നു. പാർട്ടിക്കാർ ബാബുവിന് വോട്ടു മറിച്ചെന്നും ആക്ഷേപമുണ്ട്. ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കുന്നതിനു മാറ്റി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. ബാബുവിന് പോയതുകൊണ്ടാണ് താൻ തോറ്റതെന്ന് ബിജെപി. സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇടതുപക്ഷം വലിയ വിജയം നേടിയപ്പോഴും നിയമസഭയിലെ സിപിഐ.എമ്മിന്റെ കരുത്തനായ നേതാവായ സ്വരാജിന്റെ തോൽവി പാർട്ടിക്ക് വലിയ കല്ലുകടിയുണ്ടാക്കിയിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബു പറഞ്ഞിരുന്നു. ഇതോടെ എം.സ്വരാജിനെ തോൽപ്പിക്കുന്നതിനായി ബിജെപി- കോൺഗ്രസ് കൂട്ടുകെട്ട് മണ്ഡലത്തിൽ ഉണ്ടായതായി സിപിഎം പ്രവർത്തകർ വ്യാപകമായി ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ