ന്യൂയോർക്ക്: ഇന്ത്യയെ നാണം കെടുത്തി അമേരിക്കയിലെ ഹിന്ദു സംഘടന. ക്ഷേത്ര നിർമ്മാണത്തിനും മറ്റുമായി ഇന്ത്യയിൽ നിന്നും എത്തിച്ച തൊഴിലാളികളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച കേസിൽ സംഘടനക്കെതിരെ കേസെടുത്തു. അമേരിക്കയിൽ പലയിടത്തായി ക്ഷേത്രനിർമ്മാണത്തിനെത്തിച്ച നൂറുകണക്കിന് തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ അടിമ പണി ചെയ്യിപ്പിച്ചുവെന്നായിരുന്നു പരാതി.

ബോചസന്വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത എന്ന സംഘടനയ്ക്കെതിരെയാണ് കേസെടുത്തത്. ഈ വർഷം മേയിൽ ഇന്ത്യൻ തൊഴിലാളികൾ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ന്യൂ ജേഴ്സിയിലെ ക്ഷേത്രം പണിയുന്നതിന് ഒരു അമേരിക്കൻ ഡോളർ മാത്രമാണ് സംഘടന തങ്ങൾക്ക് വേതനം നൽകിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ നിന്ന് നിരവധി പ്രലോഭനങ്ങൾ നൽകി എത്തിച്ച തൊഴിലാളികളെ അറ്റ്ലാന്റ, ഷിക്കാഗോ, ഹൂസ്റ്റൺ, ലോസ് ആഞ്ചൽസ് തുടങ്ങിയ ഇടങ്ങളിൽ പണിയെടുപ്പിക്കുകയാണെന്നും, മാസം 450 ഡോളർ മാത്രമാണ് ശമ്പളമായി നൽകിയിരുന്നതെന്നുമാണ് തൊഴിലാളികൾ പറയുന്നത്. പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിൽ പോലും മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. പുറത്തുനിന്ന് നോക്കിയാൽ കാണാൻ കഴിയാത്ത രീതിയിൽ സ്ഥാപിച്ച ട്രെയിലറുകളിലാണ് തൊഴിലാളികളെ പാർപ്പിച്ചിരുന്നതെന്നും, മിനിമം വേതനമോ, നിയമം അനുസരിച്ചുള്ള ജോലി സമയമോ പാലിച്ചിരുന്നില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

ആർ-1 വിസയിൽ അമേരിക്കയിലെത്തിയ ആറ് പേരാണ് പരാതി നൽകിയത്. 2018 മുതൽ ഇരുന്നൂറോളം ആളുകളെ ഇത്തരത്തിൽ അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്. മേയിൽ എഫ്ബിഐ നടത്തിയ റെയ്ഡിൽ ഭൂരിഭാഗം തൊഴിലാളികളെയും രക്ഷപ്പെടുത്തിയിരുന്നതായി ഇന്ത്യൻ സിവിൽ വാച്ച് ഇന്റർനാഷണൽ നേരത്തെ പി.ടി.ഐയോട് പറഞ്ഞിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ദളിതരും ആദിവാസികളുമായിരുന്നു.

മനുഷ്യക്കടത്ത്, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ, ഗൂഢാലോചന, അടിമപ്പണി ചെയ്യിക്കൽ, മിനിമം വേതനം നൽകാതിരിക്കൽ, കുടിയേറ്റ രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ വകുപ്പുകളിലാണ് കേസ്. അതേസമയം ആരോപണങ്ങൾ സംഘടന നിഷേധിച്ചു. ഇന്ത്യയിൽ നിന്നെത്തിച്ച കൊത്തുപണികൾ ചെയ്ത കല്ലുകൾ കൂട്ടി യോജിപ്പിക്കുന്ന ജോലി മാത്രമാണ് ഇന്ത്യൻ തൊഴിലാളികൾക്കുണ്ടായിരുന്നതെന്നാണ് സംഘടനയുടെ വക്താവ് പ്രതികരിച്ചത്. തൊഴിലാളികളുടെ ആരോപണങ്ങൾ സത്യമല്ലെന്ന് തെളിയിക്കാൻ തങ്ങൾക്കാകുമെന്നും ഇയാൾ അവകാശപ്പെട്ടു.