കണ്ണൂർ: ജനരക്ഷാ യാത്രയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ ബിജെപി നേതാവ് വി മുരളീധരനെതിരെയും ബിജെപി പ്രവർത്തകർക്കെതിരേയും കേസെടുത്തു. കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്.

പി ജയരാജനെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകർക്കെതിരെ കേസ്. ഭീഷണിയുയർത്തുന്ന മുദ്രാവാക്യങ്ങളും പ്രകടനവും ഫേസ്‌ബുക്ക് ലൈവ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് യാത്ര കൺവീനർ വി മുരളീധരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സംഘർഷത്തിനുള്ള ശ്രമം,ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

ജനരക്ഷാ യാത്രയുടെ കണ്ണൂർ പര്യടനം പാനൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് നടക്കുന്നതിനിടെയാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പ്രവർത്തകർ കൊലവിളി ഉയർത്തിയത്. ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല തുടങ്ങിയ ഭീഷണി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ വിളിച്ചത്. ഇത് വി മുരളീധരൻ ഫേസ്‌ബുക്കിലൂടെ തത്സമയം പ്രദർശിപ്പിക്കുകയും ചെയ്തു.

ഒറ്റക്കൈയാ ജയരാജാ.... മറ്റേ കൈയും കാണില്ല... വീരാ വീരാ ജയകൃഷ്ണാ... നിങ്ങളൊഴുക്കിയ ചുടു രക്തം വിണ്ണിൽ പാഴായി പോകില്ല..... അറിവൻ അക്ഷരമോതുമ്പോൾ അദ്ധ്യാപകനെ കശാപ്പു ചെയ്ത സിപിഎമ്മിൻ ഗുണ്ടായിസം -ഇങ്ങനെയാണ് വിവാദ മുദ്രാവാക്യം. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളിയുമായി മുന്നോട്ട് പോയത്. പൊലീസ് വാഹനം എത്തുന്ന ശബ്ദം കേൾക്കുമ്പോൾ ഇവർ മുന്നോട്ട് ഓടുന്നതും കാണാം. ജനരക്ഷാ യാത്രയെ കാണാൻ കവലകളിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തെ വ്യക്തമാക്കാനാണ് വി മുരളീധരൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതിനിടെ കണ്ണൂരിൽ സംഘർഷ സാധ്യത ഏറെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ട്. ജനരക്ഷായാത്രയുടെ പകപോക്കൽ ആക്രമങ്ങൾ ജില്ലയെ പിടിച്ചുലയ്ക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കൂടുതൽ നിരീക്ഷണങ്ങൾ പൊലീസ് കർശനമാക്കും.

കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. പിന്നീട് കേസെടുക്കാതെ ഒഴിവാക്കുകയും ചെയ്തു. ഇത് ഭരണ സ്വാധീനത്തിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അതിന് പിറകെയാണ് ജയരാജനെതിരെ കൊലവിളി വിവാദമായത്. ഈ സംഭവത്തിൽ വിഡിയോ തെളിവുണ്ട്. അതുകൊണ്ട് തന്നെയാണ് ജയരാജന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.

കണ്ണുരിൽ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രണ്ടാമത്തെ കൈയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് ഇടയിലാണ് സംഭവം. യാത്ര കൂത്തുപറമ്പ് എത്തിയപ്പോഴാണ് പ്രവർത്തകർ പി ജയരാജന്റെ രണ്ടാമത്തെ കൈയും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്. വി മുരളീധരനാണ് ഭീഷണി മുദ്രാവാക്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതും ഗൗരവത്തോടെ സി.പി.എം കാണുന്നുണ്ട്. ജയരാജനെതിരെ പരസ്യമായ അക്രമത്തിന് മുരളീധരൻ ആഹ്വാനം നടത്തിയെന്നാണ് ആരോപണം. ഇതോടെ ആർഎസ്എസ്-ബിജെപി കുപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതിന് ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മയ്ക്ക് പുതിയ തലം വരും.

സംഘപരിവാറിന്റെ വർഗീയ അജൻഡക്കെതിരെ തുടർച്ചയായ പ്രചാരണം നടത്താനാണ് സി.പി.എം തീരുമാനം. ഈമാസം 15 മുതൽ നവംബർ 15 വരെ സിപിഐ എം ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി വർഗീയ വിരുദ്ധ പ്രഭാഷണം, വർഗീയതക്കെതിരായ പ്രദർശനം, ലഘുലേഖ വിതരണം എന്നിവ നടത്തും. വീടുവീടാന്തരം കയറിയുള്ള പ്രചാരണ പരിപാടിയുമുണ്ടാകും. ബിജെപി കുപ്രചാരണത്തിനെതിരെ ജാഥ നടത്താൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ് മാറ്റിയത്. ഉപതെരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഇതിനിടെയാണ് ബിജെപിയുടെ പ്രകടനത്തിലെ പ്രകോപനപരമായ മുദ്രാവാക്യം.