കൊച്ചി : ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വരത്തന് എതിരെ ഹർജി. സിനിമയിലെ വില്ലൻ വേഷം ചെയ്യുന്ന ആളുകളുടെ കുടുംബത്തിന് 'പാപ്പാളി' എന്ന പേര് വരത്തനിൽ നൽകിയതാണ് കുരുക്കായത്. ഇതേ പേരിൽ അറിയപ്പെടുന്ന കുടുംബക്കാർ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പാപ്പാളി എന്ന തങ്ങളുടെ പേര് നൽകിയതിനാൽ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഹർജി നൽകിയിരിക്കുന്നത്.

പാപ്പാളി കുടുംബങ്ങൾ സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയിൽ പറയുന്നു. കുടുംബപേരുപയോഗിച്ച് തങ്ങളെ സമൂഹത്തിൽ താറടിച്ച് കാണിക്കുകയാണെന്നാരോപിച്ചാണ് ഹർജി നൽകിയത്.സാമൂഹ്യവിരുദ്ധരായാണ് ചിത്രത്തിൽ ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ വരത്തൻ എന്ന സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അച്ചടിച്ചതാണ് വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന കാരണത്താലാണ് സിനിമയുടെ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന് പറയാതിരുന്നതെന്ന പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.സിനിമയുടെ സംവിധായകൻ അമൽ നീരദ്, നിർമ്മാതാവ് നസ്രിയ നസിം, തിരക്കഥാകൃത്ത് സുഹാസ്, ഷറഫ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവരെ എതിർകക്ഷികളാക്കി ഫ്രാൻസിസ് പാപ്പാളി (ബേബി), മകൻ ഇന്നസന്റ് പാപ്പാളി എന്നിവരാണു മുൻസിഫ് കോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.