തലശേരി: കുട്ടിമാക്കൂലിലിൽ ദളിത് യുവതികളെ കേസ് കെട്ടിച്ചമച്ച് ജയിലിലടച്ചെന്ന ആരോപണം പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന് ചാനൽ ചർച്ചകളിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും വരുന്നു. പാർട്ടി ഗ്രാമത്തിലെ പാർട്ടി ഓഫീസിൽ രണ്ടു യുവതികൾ കയറി അക്രമം നടത്തിയെന്ന് വാദിച്ചു ജയിക്കാൻ നോക്കി, ചാനൽചർച്ചകളിലെല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു കഴിഞ്ഞദിവസം എഎൻ ഷംസീർ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ് ഐ നേതാവുമായ പിപി ദിവ്യയുമെന്നാണ് പൊതുവെ വിലയിരുത്തൽ.

മാത്രമല്ല ഇവർ ടിവി ചർച്ചകളിലൂടെ നടത്തിയ പരാമർശങ്ങളും അപവാദപ്രചരണങ്ങളുമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ അഞ്ജനയുടെ ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ രാജൻ പരാതി നൽകാനും ഒരുങ്ങുന്നു. ഇതോടെ ചർച്ചയിൽ ഉത്തരംമുട്ടി നാണംകെട്ടതിന് പുറമെ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി നേരിടേണ്ട സ്ഥിതിയിലാണ് ഷംസീറും ദിവ്യയും.

ഈ വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ ഷംസീറും ദിവ്യയുമാണ് സിപിഎമ്മിനുവേണ്ടി പങ്കെടുത്തത്. ദളിത് യുവതികൾക്കുനേരെ ഉണ്ടായ പാർട്ടി അക്രമം എന്ന നിലയിൽ ചർച്ചചെയ്യപ്പെട്ട വിഷയത്തിൽ ഇരുവർക്കും എതിരാളികളിൽനിന്ന് കണക്കിന് കിട്ടി. ശനിയാഴ്ചത്തെ എഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ചയിൽ ദളിത് ആക്റ്റിവിസ്റ്റ് മൃദുലാദേവിയുടെ 'ആക്രമണം' ചെറുക്കാനാവാതെ ഷംസീർ കീഴടങ്ങുകയായിരുന്നു.

ഇന്നലെ മനോരമ ന്യൂസിലെ കൗണ്ടർ പോയിന്റിലും ഷംസീറിന് അടിപതറി. ബിന്ദു കൃഷ്ണയായിരുന്നു ഇവിടെ എതിരാളി. മറ്റൊരു ചർച്ചയിൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ ചോദ്യശരങ്ങൾക്ക് മറുപടി പറയാൻ ആകാതെ ഷംസീറിന് പലപ്പോഴും ചർച്ചയ്ക്കിടയിൽ തലകുനിച്ചിരിക്കേണ്ടിവന്നു. ഷംസീറും ദിവ്യയും ഉന്നയിച്ച എതിർവാദങ്ങളാകട്ടെ ബാലിശവും ചിലപ്പോഴൊക്കെ ദളിത് യുവതികളെ മോശമായി ചിത്രീകരിക്കുന്നതുമായി.

കേരളത്തിലെ ദളിതുകൾ നേരിടുന്ന ജാതീയ അധിക്ഷേപങ്ങളെ അക്കമിട്ട് നിരത്തിയായിരുന്നു മൃദുലയുടെ വാക്കുകൾ. കേരളത്തിൽ ദളിതർക്കായി നേടിത്തന്നുവെന്ന് ഇടതുപക്ഷം അവകാശപ്പെടുന്ന ഓരോ കാര്യവും അങ്ങനെയായിരുന്നില്ലെന്ന് അക്കമിട്ട് നിരത്തി മൃദുല കത്തിക്കയറിയപ്പോൾ ഷംസീർ വെറും കേൾവിക്കാരൻ മാത്രമായി. ഇന്നലെ സതീശൻ പാച്ചേനിയുടെ വാദങ്ങളോടും ഏതാണ്ട് അതേമട്ടിലായിരുന്നു ഷംസീറിന്റെ പ്രതികരണങ്ങൾ. യുവതികൾ പാർട്ടി ഓഫീസിൽ കയറി മർദ്ദിച്ചെങ്കിൽ പരിക്കേറ്റതിന്റെ വൂണ്ട് റിപ്പോർട്ടും അവർ അക്രമിച്ചതിന്റെ മറ്റെന്തെങ്കിലും തെളിവുണ്ടെങ്കിൽ പറയാനായിരുന്നു പാച്ചേനി ആവശ്യപ്പെട്ടത്. അക്കാര്യമൊന്നും പറയാനാവാതെ കുഴങ്ങിയ ഷംസീർ പതിവുപല്ലവികൾ ആവർത്തിച്ച് തടിതപ്പുകയായിരുന്നു. ഏതായാലും ചർച്ചകളിൽ ഷംസീറിന്റെയും ദിവ്യയുടെയും പ്രകടനങ്ങൾ ക്ഷീണമുണ്ടാക്കിയെന്നാണ് പാർട്ടി വൃത്തങ്ങളും വിലയിരുത്തുന്നത്. ദളിതുകൾ രാജ്യത്താകമാനം നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി എംബി രാജേഷ് ഉൾപ്പെടെ ചർച്ചകളിൽ തിളങ്ങിയ സ്ഥാനത്ത് സംസ്ഥാനത്ത് ദളിത് വിഷയത്തിൽ സിപിഐ(എം) പ്രതിക്കൂട്ടിലാവുകയായിരുന്നു ഇക്കുറി.

ജാമ്യം ലഭിച്ച് ജയിൽനിന്ന് പുറത്തിറങ്ങിയ ശേഷം അഞ്ജന ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിലാണ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പിപി ദിവ്യയ്ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യമുയരുന്നത്. ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് ഐഎൻടിയുസി നേതാവും അഖിലയുടെയും അഞ്ജനയുടെയും അച്ഛനുമായ രാജൻ വ്യക്തമാക്കി. ടെലിവിഷൻ ചർച്ചകളിലൂടെ ഷംസീറും ദിവ്യയും ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളും സോഷ്യൽ മീഡിയ വഴി സിപിഐഎം അനുഭാവികളും അപവാദ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ചാണ് പരാതി നൽകുക.

അറസ്റ്റിനേക്കാൾ വേദനിപ്പിച്ചത് പിന്നീടുള്ള ചർച്ചകളിൽ തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ച് നടത്തിയ പരാമർശങ്ങളാണെന്ന് ഇവർ പറയുന്നു. ഷംസീറിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കുട്ടിമാക്കൂലിലെ സിപിഐഎം ഓഫീസിലേക്ക് മാർച്ച് നടത്താനും ആലോചനയുണ്ട്്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഷംസീർ അടക്കമുള്ള സിപിഐഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് വിവിധ പാർട്ടികൾ ആവശ്യമുന്നയിച്ചുകഴിഞ്ഞു.

പട്ടികജാതി കമ്മിഷൻ ചെയർമാൻ പിഎൻ വിജയകുമാർ നാളെ തലശ്ശേരിയിലെത്തി പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തും. ജയിൽ അധികൃതരോടും കളക്ടറോഡും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി കുട്ടിമാക്കൂലിൽ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിമാക്കൂലിൽ സിപിഐഎം ബ്രാഞ്ച് ഓഫീസിൽ അതിക്രമിച്ചുകടന്ന് പ്രവർത്തകരെ മർദ്ദിച്ചു എന്നും കുട്ടിമാക്കൂൽ ഡിവൈഎഫ്ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്നുമുള്ള പരാതിയിലാണ് പൊലീസ് യുവതികൾക്കെതിരെ കേസെടുത്തത്.

തുടർന്ന് മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അഖിലയെയും അഞ്ജനയെയും തലശ്ശേരി എസ്‌ഐ സി ഷാജു അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം ചേർന്ന് മാരകമായി പരുക്കേൽപ്പിക്കുക, അതിക്രമിച്ച് കടക്കുക, മാരകായുധങ്ങൾ കൈവശം വെക്കുക തുടങ്ങിയ വകുപ്പുകളാണ് യുവതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെൺകുട്ടികളെ രണ്ടാഴ്ചത്തേക് റിമാൻഡ് ചെയ്യുകയും ചെയ്‌തെങ്കിലും ശനിയാഴ്ച ജാമ്യത്തിൽ വിട്ടു.

എന്നാൽ തങ്ങൾ റോഡിലൂടെ പോകുമ്പോൾ അസഭ്യം പറയുകയായിരുന്നെന്നും ചോദിക്കാനായി ചെന്നപ്പോൾ കൈയേറ്റം ചെയ്തതായും യുവതികൾ ആരോപിക്കുന്നു. വീടിന് അടുത്തുള്ള കടയിൽ സാധനം വാങ്ങാനെത്തിയ അഖിലയേയും അഞ്ജുനയെയും സമീപത്തെ പാർട്ടി ഓഫീസിലിരുന്ന സിപിഐഎം പ്രവർത്തകർ ജാതിപ്പേര് വിളിച്ച് കളിയാക്കിയെന്നും അപമാനം അസഹ്യമായതോട പെൺകുട്ടികൾ പാർട്ടി ഓഫീസിൽ കയറി ചോദ്യം ചെയ്തുവെന്നുമാണ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഇവരുടെ വീട് ആക്രമിക്കപ്പെട്ടു. ഐഎൻടിയുസി പ്രവർത്തകൻ കൂടിയായ പിതാവ് രാജന്റെ കാറും അടിച്ചുതകർത്തു. സംഭവത്തിൽ മൂന്ന് സിപിഐഎം പ്രവർത്തകർ ദളിത് പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലായിരുന്നു.