- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ സംഘർഷത്തിൽ കേസെടുക്കാതെ മുഖ്യമന്ത്രിയും സർക്കാരും; ഒടുവിൽ കോടതി ഇടപെടൽ; ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; നടപടി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. ഐ.പി.സി 308, 307, 506, 120 വകുപ്പുകൾ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇ.പിക്കെതിരേ വലിയതുറ പൊലീസ് ചുമത്തിയിട്ടുണ്ട്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസ് ഉത്തരവിട്ടത്.
കേസിലെ പ്രതികളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർ ഇ.പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെയാണ് ഹർജി നൽകിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. പക്ഷെ, ഇ.പിക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്‌കോൺഗ്രസുകാർ ഹർജി നൽകിയത്.
തങ്ങളുടെ നേരെ കൊല്ലെടാ എന്ന് പറഞ്ഞ് ഇ.പി ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചുവെന്നുമായിരുന്നു യൂത്ത്‌കോൺഗ്രസുകാരുടെ പരാതി. പരാതിക്കാർ വീൽചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവർ കോടതിയിൽ ഹാജരാക്കി. ഈ സംഭവത്തിലാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്.
ഐപിസി 307 (കൊലപാതകശ്രമം), 308 (കുറ്റകരമായ നരഹത്യാശ്രമം), 120 ബി (കുറ്റകരമായ ഗൂഢാലോചന, 506 (ബലം പ്രയോഗിച്ച് തടയൽ) തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ജയരാജനെതിരെ കേസെടുക്കണമെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹർജിയിലെ ആവശ്യം അംഗീകരിച്ച ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, തുടർനപടികൾക്ക് പൊലീസിനു നിർദ്ദേശം നൽകുകയായിരുന്നു.
കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ