- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന് പരാതി: കെ സുരേന്ദ്രന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്; സി.കെ. ജാനുവും കേസിൽ പ്രതി; നടപടി, കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരം
കൽപ്പറ്റ: സി.കെ ജാനുവിനെ സ്ഥാനാർത്ഥിയാകാൻ അവർക്ക് പണം നൽകിയെന്ന പരാതിയിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ. ജാനുവും കേസിൽ പ്രതിയാണ്.
സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് പൊലീസ് നടപടി. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് നൽകിയ ഹർജിയിലാണ് കോടതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പിൽ കോഴ നൽകുന്നതിനെതിരെയുള്ള ഐപിസി 171ഇ, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കൽ 171 എഫ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇന്നലെയാണ് കൽപ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രനെതിരെ കേസ് എടുക്കാൻ സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. കോടതിയുടെ നിർദേശപ്രകാരം ഇന്ന് പൊലീസ് കേസ് എടുത്തു.
തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് പണം നൽകി എന്നാണ് സുരേന്ദ്രന് എതിരായ കേസ്. ഇത് സംബന്ധിച്ച് ജെ.ആർ.പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ജാനുവിന്റെ പാർട്ടിയിലെ മുൻപ്രവർത്തകനും അവർ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നവാസ് കോടതിയെ സമീപിച്ചത്.
നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ ജനവിധി തേടിയ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയെ പിന്മാറ്റാൻ ബിജെപി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ശേഷം പിൻവലിച്ച കെ. സുന്ദരയാണ് രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും ലഭിച്ചതായി വെളിപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ