ന്ത്യയിലെ ആദ്യത്തെ IT പാർക്കായ ടെക്‌നോപാർക്കിനെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ പേയ്‌മെന്റ് അധിഷ്ഠിത സംവിധാനങ്ങൾ ഉള്ള IT പാർക്കായി മാറ്റാനുള്ള ഉദ്ദേശത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത് . ഈ വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ ടെക്‌നോപാര്ക്ക് സിഇഒ ഋഷികേശ് നായർ, പ്രമുഖ ചാർട്ടേർഡ് അകൗണ്ടടെന്റ് രഞ്ജിത്ത് കാർത്തികേയൻ ,SBT ജനറൽ മാനേജർ (IT ) വെങ്കിട്ടരാമൻ,പേ.റ്റി.എം പ്രതിനിധി കിരൺ ഭാസി,HDFC ബാങ്ക് പ്രതിനിധി പ്രവീൺ പ്രകാശ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

കറൻസി രഹിത വ്യവഹാര മാർഗ്ഗങ്ങളിലേക്ക് ടെക്‌നോപാർക്കിലെ കച്ചവട സ്ഥാപനങ്ങൾ ചുവടു വെക്കണമെന്നും അതിന്നു ഉള്ള എല്ലാ സഹായ സഹകരണങ്ങളും ടെക്കികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ആമുഖ പ്രസംഗത്തിൽ ടെക്‌നോപാർക് സിഇഒ ഋഷികേശ് നായർ അഭിപ്രായപ്പെട്ടു. സുതാര്യമായ ഒരു സാമ്പത്തിക വ്യവസ്ഥയിലേക്കു രാജ്യം നീങ്ങുന്ന സാഹചര്യത്തിൽ സമാന്തര സാമ്പത്തിക ഇടപാടുകൾക്ക് അധികനാൾ നിലനില്പുണ്ടാവില്ല എന്ന് മുഖ്യ പ്രഭാഷണം നടത്തിയ രഞ്ജിത്ത് കാർത്തികേയൻ അഭിപ്രായപ്പെട്ടു.

കറൻസി രഹിത ഇടപാടുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡിജിറ്റൽ ഇടപാടുകൾക്ക് ഇപ്പോഴുള്ള സേവന ചാർജുകൾ ഇടപാടുകൾ വർദ്ധിക്കുന്നതിനനുസരിച്ചു കുറയുമെന്നും ബാങ്കിങ് പ്രതിനിധികൾ അഭിപ്രായം പങ്കുവച്ചു .അമ്പതിനായിരത്തിൽ പരം സാങ്കേതിക വിദഗ്ദ്ധർ ജോലി ചെയുന്ന ടെക്‌നോപാർക്കിൽ ഡിജിറ്റൽ ഇടപാടുകൾക്കു ഇനിയും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്ന വസ്തുതയിൽ സെമിനാറിൽ പങ്കെടുത്തവർ ആശങ്ക രേഖപ്പെടുത്തി.

സെമിനാറിൽ പങ്കെടുത്ത ടെക്‌നോപാർക്കിലെ വ്യാപാരികളടക്കമുള്ളവരുടെ സംശയങ്ങൾക്കു ബാങ്കിങ് മേഖലയിലെ പ്രതിനിധികൾ മറുപടി നൽകി .അടുത്ത ഘട്ടമായി ടെക്‌നോപാർക്കിലെ കച്ചവട സ്ഥാപനങ്ങൾക്ക് സാങ്കേതിക പരിഞ്ജാനം നൽകുവാൻ ടെക്‌നോപാർക്കും ഡിജിറ്റൽ ബാങ്കിങ്ങ് രംഗത്തെ വിദഗ്ദ്ധരുമായി ചേർന്നു പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും,ടെക്കികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിങ്ങിനെ പറ്റി കൂടുതൽ അവബോധം നൽകുന്ന പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നു വിവേകാനന്ദ സ്റ്റഡി സർക്കിൾ പ്രതിനിധികൾ അറിയിച്ചു.ഡിജിറ്റൽ ഇടപാടുകൾ സാധാരണ ജനങ്ങളിലേക്കു കൂടുതൽ പരിചയപ്പെടുത്താനുള്ള ഉദ്യമത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർ VSC വോളണ്ടിയേഴ്സുമായി ബന്ധപ്പെടാൻ VSC ഭാരവാഹികൾ അഭ്യർത്ഥിച്ചു.